ബഹ്റൈനിൽ വരാനിരിക്കുന്ന മഴക്കാലത്തെ നേരിടാൻ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അധികൃതർ .ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കാൻ ലക്ഷ്യമിട്ട് ഉന്നതതല യോഗം ചേർന്നു. മുൻസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രി വഈൽ അൽ മുബാറക്കിന്റെ ഓഫീസിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം അൽ ഹവാജും നാല് ഗവർണറേറ്റുകളിലെയും മുനിസിപ്പൽ കൗൺസിൽ അധ്യക്ഷന്മാരും പങ്കെടുത്തു.ദക്ഷിണ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് തന്റെ ഗവർണറേറ്റിൽ ഇതിനകം തന്നെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി വ്യക്തമാക്കി. മഴക്കാല മുന്‍കരുതല്‍ പദ്ധതികളില്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും അവശ്യ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുമാണ് പ്രഥമ പരിഗണന.അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വിദഗ്ധ ടീമിനെ സജ്ജമാക്കിയിട്ടുണ്ട് . ഇവരെ സഹായിക്കാനായി അത്യാധുനിക വാഹനങ്ങളും പമ്പുകളും മറ്റ് യന്ത്രസാമഗ്രികളും സജ്ജമാണ് എന്നും യോഗത്തിൽ വിലയിരുത്തി .
