താനൂര്‍ ബോട്ടപകടത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗതിയുടെ മകളും ഷോണ്‍ ജോര്‍ജിന്റെ ഭാര്യയുമായ പാര്‍വതി ഷോണ്‍. കേരളത്തില്‍ അഴിമതി മാത്രമാണ് ഉള്ളതെന്നും നാറിയ ഭരണമാണെന്നും പാര്‍വതി പറഞ്ഞു. അഴിമതിയേക്കുറിച്ച് മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലേ എന്നും ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ചോദിച്ചു. കേരളത്തില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് തൂങ്ങി മരിക്കുന്നതാണെന്നും പാര്‍വതി പറഞ്ഞു.
പാര്‍വതിയുടെ വാക്കുകള്‍
നിങ്ങള്‍ എല്ലാവരേയും പോലെ മലപ്പുറം താനൂരിലെ അപകട വാര്‍ത്ത കേട്ട് ഞാനും ഞെട്ടി. 21 മരണം. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം ഓര്‍ക്കാന്‍ പോലും വയ്യ. ഞാന്‍ അധികം നേരെ ആ വാര്‍ത്ത വായിച്ചില്ല. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കും എന്നു മാത്രം വായിച്ചു. ഭയങ്കര കേമമാണ്. രണ്ട് ലക്ഷം രൂപയേ ഒള്ളോ കൊടുക്കാന്‍. എത്ര കോടി രൂപ കൊടുത്താലും ആ ജീവനോളം വിലവരില്ല. മൊത്തം അഴിമതിയാ നാട്ടില്‍ നടക്കുന്നത്. അവിടെയും ഇവിടേയും കാമറ പിടിപ്പിച്ചതില്‍ കോടികളുടെ അഴിമതിയാണ് നടന്നത് എന്നാണ് കേട്ടത്. എന്തൊരു നാറിയ ഭരണമാണിത്. മുഖ്യമന്ത്രി അവര്‍കള്‍ക്ക് ഒന്നും പറയാനില്ലേ ഇതിനെപ്പെറ്റി. ആ മനുഷ്യനു ചുറ്റും നടക്കുന്ന അഴിമതിയെക്കുറിച്ച് ഒന്നും പറയാനില്ലേ. അദ്ദേഹത്തിന് ഇതിലൊന്നും ഒരു താല്‍പ്പര്യവുമില്ല. ഒരു മുഖ്യമന്ത്രി ഇങ്ങനെ ആകാമോ? ടൂറിസം നടക്കുന്ന സ്ഥലങ്ങളില്‍ കുറച്ച് പൈസ നിക്ഷേപിച്ച് കുറച്ച് സുരക്ഷിതത്വത്തോടെ നടത്തിക്കൂടെ. അഴിമതി കാണിച്ച് തിന്നുമുടിക്കുകയാണ്. ആര്‍ക്കാണ് ഇത് ഗുണം ചെയ്യുന്നത്. കഷ്ടം തോന്നുന്നു. ശരിക്ക് സങ്കടം വന്നു. അഴിമതി മാത്രമുള്ളൂ ചുറ്റും. നാറിയ ഭരണം. കേരളത്തില്‍ ജീവിക്കുന്നതിലും ഭേദം തൂങ്ങി ചത്തേക്കുന്നതാ.
താനൂരില്‍ ഉണ്ടായ ബോട്ടപകടത്തില്‍ 22 ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇതില്‍ 15 പേരും കുട്ടികളാണ്. 10 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 2 ലക്ഷമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ബോട്ടപകടത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.