ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 21ന് പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി, സാങ്കേതിക സർവകലാശാല, കാലിക്കറ്റ്, മലയാളം സർവകലാശാലാ വിസിമാരോടാണ് ഗവർണർ രാജി ആവശ്യപ്പെട്ടത്. നാളെ രാവിലെ 11.30ന് മുമ്പ് രാജി വെക്കണമെന്നാണ് ഗവർണറുടെ നിർദേശം.സർക്കാരിനെതിരെയുള്ള ഗവർണറുടെ നീക്കങ്ങൾക്ക് തടയിടാൻ പരസ്യപ്രചരണത്തിന് നേരത്തെ സിപിഐഎം തീരുമാനിച്ചിരുന്നു. മുന്നണിയുടെ നേതൃത്വത്തിൽ യോജിച്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും അത് എങ്ങനെ വേണമെന്ന് തീരുമാനിക്കാനുമാണ് എൽഡിഎഫ് യോഗം ചേരുന്നത്. സാങ്കേതിക സർവകലാശാല വിസിയെ പുറത്താക്കിയ സുപ്രിം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുന്നതിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. എ.ജിയുടെയും സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകരുടെയും ഉപദേശം ആണ് ചോദിച്ചത്. സാങ്കേതിക സർവകലാശാലയിൽ ഇതുവരെ പകരം ചുമതലയും സർക്കാർ നൽകിയിട്ടില്ല.