2022 ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ.

  • Home-FINAL
  • Business & Strategy
  • 2022 ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ.

2022 ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ.


മെല്‍ബണ്‍:കഴിഞ്ഞ ലോകകപ്പിലെ തോല്‍വിയ്ക്ക് പാകിസ്താനെതിരേ ഇന്ത്യയുടെ പ്രതികാരം. വിരാട് കോലി എന്ന റണ്‍ മെഷീന്‍ നിറഞ്ഞാടിയ 2022 ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്താനെ നാലുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഒറ്റയ്ക്ക് നിന്ന് പൊരുതിയ വിരാട് കോലിയാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. പാകിസ്താന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറുവിക്കറ്റ്‌ നഷ്ടത്തില്‍ മറികടന്നു. ജയപരാജയങ്ങള്‍ മാറിമറഞ്ഞ മത്സരത്തില്‍ അവസാന പന്തിലാണ് ഇന്ത്യ വിജയം നേടിയത്. കോലി 82 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

160 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ.എല്‍.രാഹുലും അതിവേഗത്തില്‍ പുറത്തായതോടെ ഇന്ത്യ തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടു. രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ രാഹുല്‍ പുറത്തായി. നസീം ഷാ താരത്തിന്റെ വിക്കറ്റ് പിഴുതു. നാല് റണ്‍സെടുത്ത രാഹുലിന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റിലിടിക്കുകയായിരുന്നു. ഈ സമയം ഇന്ത്യയുടെ സ്‌കോര്‍ വെറും ഏഴ് റണ്‍സ് മാത്രമായിരുന്നു.രാഹുലിന് പകരം സൂപ്പര്‍താരം വിരാട് കോലി ക്രീസിലെത്തി. പിന്നാലെ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയുടെ വിക്കറ്റും നഷ്ടപ്പെട്ടു. നാലാം ഓവറിലെ രണ്ടാം പന്തില്‍ രോഹിതിനെ ഹാരിസ് റൗഫ് സ്ലിപ്പില്‍ നിന്ന ഇഫ്തിഖറിന്റെ കൈയ്യിലെത്തിച്ചു. രോഹിത്തിനും നാല് റണ്‍സ് മാത്രമാണ് നേടാനായത്. രോഹിത്തിന് പകരം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി.

കോലിയും സൂര്യകുമാറും ചേര്‍ന്ന് ഇന്ത്യയ്ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിച്ച് സൂര്യകുമാര്‍ വരവറിയിച്ചു. പക്ഷേ അനാവശ്യ ഷോട്ടിന് കളിച്ച് സൂര്യകുമാര്‍ വിക്കറ്റ് കളഞ്ഞു. 10 പന്തില്‍ നിന്ന് 15 റണ്‍സാണ് സൂര്യകുമാറിന്റെ സംഭാവന. ഇതോടെ 26 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.

അഞ്ചാമനായി അക്ഷര്‍ പട്ടേലിനെയാണ് രോഹിത് ശര്‍മ അയച്ചത്. എന്നാല്‍ അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷര്‍ പട്ടേല്‍ റണ്‍ ഔട്ടായി. ഇതോടെ ഇന്ത്യ 31 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. അക്ഷറിന് പട്ടേലിന് പകരം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തി. ഹാര്‍ദിക്കിനെ കൂട്ടുപിടിച്ച് കോലി ശ്രദ്ധാപൂര്‍വം ബാറ്റുവീശി. 11-ാം ഓവറിലാണ് ഇന്ത്യ 50 കടന്നത്. ഹാര്‍ദിക്കും കോലിയും വിക്കറ്റ് കളയാതെ ഇന്ത്യയെ നയിച്ചു.മുഹമ്മദ് നവാസ് ചെയ്ത 12-ാം ഓവറില്‍ ഹാര്‍ദിക്കും കോലിയും ചേര്‍ന്ന് 20 റണ്‍സ് അടിച്ചെടുത്തു. ഇതോടെ ഇന്ത്യന്‍ ക്യാമ്പില്‍ വിജയപ്രതീക്ഷ മുളച്ചു. പിന്നാലെ കോലിയും ഹാര്‍ദിക്കും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. 15 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു.

ഹാരിസ് റൗഫ് ചെയ്ത 16-ാം ഓവറില്‍ വെറും ആറ് റണ്‍സ് മാത്രമാണ് പിറന്നത്. ഇതോടെ നാലോവറില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 54 റണ്‍സായി ഉയര്‍ന്നു. നസീം ഷാ 17-ാം ഓവറിലും ആറ് റണ്‍സ് മാത്രമാണ് ഹാര്‍ദിക്കും കോലിയ്ക്കും നേടാനായത്. ഇതോടെ ഇന്ത്യ വിയര്‍ത്തു. മൂന്നോവറില്‍ വിജയലക്ഷ്യം 48 റണ്‍സായി മാറി.അഫ്രീദി ചെയ്ത 18-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഫോറടിച്ച് കോലി അര്‍ധശതകം കുറിച്ചു. 43 പന്തില്‍ നിന്നാണ് താരം അര്‍ധശതകം നേടിയത്. താരത്തിന്റെ 34-ാം അന്താരാഷ്ട്ര ട്വന്റി 20 അര്‍ധശതകമാണിത്. അഫ്രീദിയുടെ ഓവറില്‍ 17 റണ്‍സാണ് പിറന്നത്. ഇത് മത്സരത്തില്‍ നിര്‍ണായകമായി. ഇതോടെ അവസാന രണ്ടോവറില്‍ വിജയലക്ഷ്യം 31 റണ്‍സായി മാറി. ഹാരിസ് റൗഫ് ചെയ്ത 18-ാം ഓവറില്‍ കോലിയും ഹാര്‍ദിക്കും സെഞ്ചുറി കൂട്ടുകെട്ട് പൂര്‍ത്തിയാക്കി. ഈ ഓവറിലെ അവസാന രണ്ട് പന്തുകളിലും സിക്‌സടിച്ചുകൊണ്ട് കോലി കൊടുങ്കാറ്റായി. റൗഫിന്റെ ഓവറില്‍ 15 റണ്‍സാണ് പിറന്നത്. ഇതോടെ അവസാന ഓവറില്‍ വിജയലക്ഷ്യം 16 റണ്‍സായി മാറി.

നവാസ് ചെയ്ത അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദിക് പുറത്തായി. 37 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത് ഹാര്‍ദിക് ബാബര്‍ അസമിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. രണ്ടാം പന്തില്‍ പുതുതായി വന്ന ദിനേശ് കാര്‍ത്തിക്ക് സിംഗിളെടുത്തു. മൂന്നാം പന്തില്‍ കോലി രണ്ട് റണ്‍സ് നേടി. നാലാം പന്തില്‍ സിക്‌സടിച്ച് കോലി ആരാധകരെ പുളകം കൊള്ളിച്ചു. ആ പന്ത് അമ്പയര്‍ നോബോള്‍ വിളിച്ചു. ഇതോടെ മൂന്ന് പന്തില്‍ ആറ് റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം. അടുത്ത പന്തില്‍ വൈഡ് പിറന്നതോടെ ലക്ഷ്യം അഞ്ചായി മാറി. ഫ്രീഹിറ്റ് പന്തില്‍ കോലി ബൗള്‍ഡായെങ്കിലും മൂന്ന് റണ്‍സ് ഓടിയെടുത്തു. ഇതോടെ ലക്ഷ്യം രണ്ട് പന്തില്‍ രണ്ട് റണ്‍സായി. അഞ്ചാം പന്തില്‍ ദിനേശ് കാര്‍ത്തിക്കിനെ റിസ്വാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ ഒരു പന്തില്‍ രണ്ട് റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം. അടുത്ത പന്തില്‍ വൈഡ് പിറന്നതോടെ സ്‌കോര്‍ തുല്യമായി. അവസാന പന്തില്‍ വിജയം ഒരു റണ്ണായി മാറി. അവസാന പന്തില്‍ ഫോറടിച്ച് അശ്വിന്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. കോലി 53 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്‌സിന്റെയും സഹായത്തോടെ പുറത്താവാതെ 82 റണ്‍സെടുത്ത് അപരാജിതനായി നിന്നു. അശ്വിന്‍ നാല് റണ്‍സ് നേടി.

പാകിസ്താന് വേണ്ടി മുഹമ്മദ് നവാസ്, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ നസീം ഷാ ഒരു വിക്കറ്റ് സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ഷാന്‍ മസൂദും ഇഫ്തിഖര്‍ അഹമ്മദുമാണ് പാകിസ്താന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. തുടക്കത്തില്‍ വലിയ തകര്‍ച്ച നേരിട്ട പാകിസ്താന്‍ പിന്നീട് കരകയറുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. വിശ്വസ്തരായ ഓപ്പണര്‍മാരെ പാകിസ്താന് തുടക്കത്തില്‍ തന്നെ നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അപകടകാരിയായ നായകന്‍ ബാബര്‍ അസമിനെ മടക്കി അര്‍ഷ്ദീപ് പാകിസ്താന് തിരിച്ചടി നല്‍കി. നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ബാബര്‍ അസം ക്രീസ് വിട്ടു.

ബാബറിന് പകരം വന്ന ഷാന്‍ മസൂദിനെ റണ്‍ ഔട്ടാക്കാനുള്ള സുവര്‍ണാവസരം വിരാട് കോലി നഷ്ടപ്പെടുത്തി. നാലാം ഓവറിലെ അവസാന പന്തില്‍ ലോക ഒന്നാം നമ്പര്‍ ട്വന്റി 20 ബാറ്ററായ മുഹമ്മദ് റിസ്വാനെയും പുറത്താക്കി അര്‍ഷ്ദീപ് കൊടുങ്കാറ്റായി.

12 പന്തുകള്‍ നേരിട്ട് നാല് റണ്‍സെടുത്ത റിസ്വാനെ അര്‍ഷ്ദീപ് സിങ് ഭുവനേശ്വര്‍ കുമാറിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ പാകിസ്താന്‍ 15 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. ബാറ്റിങ് പവര്‍പ്ലേയില്‍ പാകിസ്താന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ ഒന്നുചേര്‍ന്ന് ഷാന്‍ മസൂദ്-ഇഫ്തിഖര്‍ അഹമ്മദ് സഖ്യം വലിയ തകര്‍ച്ചയില്‍ നിന്ന് പാകിസ്താനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് 10-ാം ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി.

അക്ഷര്‍ പട്ടേല്‍ ചെയ്ത 12-ാം ഓവറില്‍ മൂന്ന് സിക്‌സടിച്ച് ഇഫ്തിഖര്‍ പാകിസ്താന്‍ ഇന്നിങ്‌സിന് ജീവന്‍ നല്‍കി. പിന്നാലെ താരം അര്‍ധസെഞ്ചുറിയും നേടി. എന്നാല്‍ 13-ാം ഓവറിലെ രണ്ടാം പന്തില്‍ മികച്ച ഫോമില്‍ കളിച്ച ഇഫ്തിഖര്‍ അഹമ്മദിന്റെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് ഷമി കളി വീണ്ടും ഇന്ത്യയ്ക്ക് അനുകൂലമാക്കി. 34 പന്തുകളില്‍ നിന്ന് രണ്ട് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 51 റണ്‍സെടുത്താണ് ഇഫ്തിഖര്‍ ക്രീസ് വിട്ടത്. മൂന്നാം വിക്കറ്റില്‍ ഷാനിനൊപ്പം 76 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും താരത്തിന് കഴിഞ്ഞു.

ഇഫ്തിഖറിന് പകരം ശദബ് ഖാനാണ് ക്രീസിലെത്തിയത്. എന്നാല്‍ താരത്തിന് അധികം പിടിച്ചുനില്‍ക്കാനായില്ല. ആറുപന്തില്‍ നിന്ന് അഞ്ച് റണ്‍സെടുത്ത ശദബിനെ ഹാര്‍ദിക് പാണ്ഡ്യ സൂര്യകുമാര്‍ യാദവിന്റെ കൈയ്യിലെത്തിച്ചു. ശദബ് മടങ്ങുമ്പോള്‍ പാകിസ്താന്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സാണ് നേടിയത്. ശദബിന് പിന്നാലെ വന്ന ഹൈദര്‍ അലിയും പെട്ടെന്ന് പുറത്തായി. രണ്ട് റണ്‍സെടുത്ത ഹൈദറിനെയും ഹാര്‍ദിക് സൂര്യകുമാറിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ പാകിസ്താന്‍ 98 ന് അഞ്ച് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

ഏഴാമനായി വന്ന മുഹമ്മദ് നവാസ് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആറുപന്തില്‍ നിന്ന് ഒന്‍പത് റണ്‍സെടുത്ത നവാസിനെ ഹാര്‍ദിക് തന്നെ പുറത്താക്കി. താരത്തെ ഹാര്‍ദിക് ദിനേശ് കാര്‍ത്തിക്കിന്റെ കൈയ്യിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയത് വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ആസിഫ് അലിയാണ്. എന്നാല്‍ നിലയുറപ്പിക്കും മുന്‍പ് ആസിഫിനെ അര്‍ഷ്ദീപ് പറഞ്ഞയച്ചു. അര്‍ഷ്ദീപിന്റെ ഷോര്‍ട്ട്പിച്ച് പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ആസിഫ് അലിയുടെ ശ്രമം പാളി. പന്ത് ബാറ്റിലുരസി ദിനേശ് കാര്‍ത്തിക്കിന്റെ കൈയ്യിലെത്തി.

ആസിഫ് അലിയ്ക്ക് പകരം വന്ന ഷഹീന്‍ അഫ്രീദിയെ കൂട്ടുപിടിച്ച് ഷാന്‍ മസൂദ് ടീം സ്‌കോര്‍ 150 കടത്തി. ഒപ്പം അവസാന ഓവറില്‍ താരം അര്‍ധശതകം നേടുകയും ചെയ്തു. അവസാന ഓവറില്‍ ഷഹീന്‍ അഫ്രീദിയെ ഭുവനേശ്വര്‍ പുറത്താക്കി. എട്ട് പന്തില്‍ നിന്ന് 16 റണ്‍സെടുത്ത താരത്തെ ഭുവനേശ്വര്‍ തന്നെ ക്യാച്ചെടുത്ത് പുറത്താക്കി. അഫ്രീദിയ്ക്ക് പകരം ഹാരിസ് റൗഫാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ താരം സിക്‌സടിക്കുകയും ചെയ്തു. ഒടുവില്‍ പാകിസ്താന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഷാന്‍ മസൂദ് 42 പന്തില്‍ നിന്ന് അഞ്ച് ഫോറിന്റെ സഹായത്തോടെ 52 റണ്‍സെടുത്തും റൗഫ് ആറുറണ്‍സെടുത്തും പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്ങും ഹാര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Leave A Comment