കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു.

കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു.


നടന്‍ കലാഭവന്‍ ഹനീഫ് കൊച്ചിയില്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. അര്‍ബുദത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ ഹനീഫ് നൂറിലധികം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. മട്ടാഞ്ചേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം നാളെ രാവിലെ പതിനൊന്നരയോടെ സംസ്കരിക്കും.

മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതം. അതിനുംവളരെ മുന്‍പ് പഠനകാലത്ത് തന്നെ മിമിക്രിയിലൂടെ കലാരംഗത്ത് സാന്നിധ്യമറിയിച്ചിരുന്നു ഹനീഫ്. 90ല്‍ പുറത്തിറങ്ങിയ ചെപ്പ് കിലുക്കണ ചങ്ങാതിയും പിന്നാലെയെത്തിയ സന്ദേശത്തിലും ഗോഡ്ഫാദറിലൂടെയും തുടര്‍ന്ന സിനിമായാത്രയില്‍ പ്രേക്ഷകരെ ചിരിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ക്ക് ഹനീഫ് നടനായി.

കാസര്‍കോട് കാദര്‍ഭായി, തെങ്കാശിപ്പട്ടണം, ഈ പറക്കും തളിക, പാണ്ടിപ്പട, ചോട്ടാമുംബൈ തുടങ്ങി പ്രളയം പ്രമേയമായ 2018 എന്ന ചിത്രത്തില്‍വരെ ഹനീഫ് അഭിനയിച്ചു. ഇതിനിടയില്‍ വിവിധ ചാനലുകളിലൂടെ പ്രേക്ഷകരിലെത്തിയ സീരിയലുകളിലും വേഷമിട്ടു. വിദേശത്തടക്കം പ്രമുഖ താരങ്ങള്‍ അണിനിരന്ന സ്റ്റേജ് ഷോകളിലും ഹനീഫ് ഉണ്ടായി. താരസംഘടനയായ അമ്മയുടെ അംഗമായ ഹനീഫ് ഏറെ നാളായി അര്‍ബുദത്തിന് ചികില്‍സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഇന്ന് ഉച്ചതിരിഞ്ഞ് ആരോഗ്യനില വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

Leave A Comment