കോഴിക്കോട്: മലബാര്‍ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞയാളെ കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റുചെയ്തു. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസ് (56) ആണ് പിടിയിലായത്. വഴിയോരത്ത് പഴക്കച്ചവടം ചെയ്തുവരുന്നയാളാണ്.
1999 ഫെബ്രുവരി ഏഴിന് രാത്രി 9.15-ന് ആയിരുന്നു കേസിന്നാസ്പദമായ സംഭവം. ഗാനമേള നടന്നുകൊണ്ടിരിക്കെ നഴ്സസ് ഹോസ്റ്റലിന് മുന്‍വശത്തുനിന്ന് കല്ലെറിഞ്ഞ സംഘത്തില്‍ പിടികിട്ടേണ്ടയാളായിരുന്നു അസീസെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
മാത്തോട്ടത്തുനിന്ന് മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരില്‍ പുളിക്കല്‍കുന്നത്ത് വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. മാത്തോട്ടത്തെ ഒരു പരിസരവാസി നല്‍കിയസൂചനയനുസരിച്ചാണ് പോലീസ് മലപ്പുറം ജില്ലയില്‍ അന്വേഷണം ശക്തമാക്കിയത്. സംഭവംനടന്ന ദിവസം ഒരു പോലീസുകാരന്റെ വയര്‍ലെസ് സെറ്റും നഷ്ടപ്പെട്ടിരുന്നു.
നടക്കാവ് സി.ഐ.യായിരുന്ന കെ. ശ്രീനിവാസന് ആയിരുന്നു അന്നത്തെ അന്വേഷണോദ്യോഗസ്ഥന്. കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.