ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഈ വർഷം 2 ബില്യൺ ഡോളറിലധികം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2023-ൽ ഇരു രാജ്യങ്ങളും പുതിയ ബിസിനസ് അവസരങ്ങൾ ലക്ഷ്യമിടുന്നു എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കോൺസുലർ, പാസ്പോർട്ട്, വിസ, വിദേശ ഇന്ത്യൻ കാര്യ സെക്രട്ടറി ഡോ.ഔസാഫ് സയീദ് പറഞ്ഞു.കഴിഞ്ഞ വർഷം ബഹ്റൈനിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 900 മില്യൺ ഡോളറിലെത്തിയപ്പോൾ 800 മില്യൺ ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈനുമായി 2 ബില്യൺ ഡോളറിലധികം ഉയർന്ന വ്യാപാരം പ്രതീക്ഷിക്കുന്നതായി ന്യൂഡൽഹിയിൽ ബഹ്റൈൻ മാധ്യമ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു.
ബഹ്റൈനിൽ നിന്നും ഇറക്കുമതി ചെയ്യുന്നത് പ്രധാനമായും എണ്ണ, വാതകം, അലുമിനിയം, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയാണ്. ഇന്ത്യയിൽ നിന്നും ഭക്ഷ്യവസ്തുക്കളും ആഭ്യന്തര വസ്തുക്കളും ആണ് കയറ്റുമതി ചെയ്യുന്നത്.ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാൻ ജിസിസി ശ്രമിക്കുന്നതായും ഡോ സയീദ് വെളിപ്പെടുത്തി.നിലവിൽ ജിസിസി രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സഹകരണത്തിൽ പ്രധാനമായും വ്യാപാരം, നിക്ഷേപം, ഊർജ സുരക്ഷ, ഭക്ഷ്യ സുരക്ഷ, തൊഴിൽ ശക്തി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രതിരോധവും സുരക്ഷാ സഹകരണവുമാണ് ഏർപ്പെട്ടിരിക്കുന്ന മറ്റ് പ്രധാന മേഖലകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.