ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിനിടെ നാടകീയ രംഗങ്ങൾ. മുൻസിപ്പൽ കോർപ്പറേഷൻ ഹൗസിനകത്തു ബിജെപി ആം ആദ്മി പാർട്ടി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നടപടി ക്രമങ്ങളും ചട്ടങ്ങളും ലംഘിച്ചു എന്ന് ആരോപിച്ചാണ് ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായത്.
സിവിക് സെന്ററിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിക്കുന്നതിന് തൊട്ട് മുൻപാണ് നടകീയ സംഘർഷം ഉണ്ടായത്.
പ്രിസൈഡിംഗ് ഓഫീസറും ബി.ജെ.പി കൗൺസിലറുമായ സത്യ ശർമ്മ നാമനിർദേശം ചെയ്യപ്പെട്ട ബി.ജെ.പി അംഗങ്ങളെ എ.എ.പിയുടെ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് മുൻപായി സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതോടെ എ.എ.പി കൗൺസിലർമാർ പ്രതിഷേധം ആരംഭിച്ചു.
ലെഫ്റ്റ് നെന്റ് ഗവർണർ വികെ സക്സേന, ബിജെപി നേതാവ്. സത്യ ശർമയെ താൽകാലിക സ്പീക്കറായി നിയമിച്ചതിലും, 10 പേരെ നാമ നിർദേശം ചെയ്തതിലും എഎപി നേരത്തെ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.250 അംഗ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ 134 പേരുടെ പിന്തുണ എഎപിക്ക് ഉണ്ട്. ബിജെപിക്ക് 104 കൗൺസിലർമാരാണുളളത്. കോൺഗ്രസിന് 9 കൗൺസിലർമാരുമുണ്ട്. ഷെല്ലി ഒബ്റോയിയാണ് ആം ആദ്മി മേയർ സ്ഥാനാർത്ഥി. രേഖ ഗുപ്തയാണ് ബിജെപിയുടെ സ്ഥാനാർത്ഥി. ആം ആദ്മി പാർട്ടിയേയോ ബിജെപിയേയോ പിന്തുണയ്ക്കേണ്ടതില്ലെന്ന് ഡൽഹി ഘടകം ഐകകണ്ഠ്യേന തീരുമാനിച്ചതിനാൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്.