വൈക്കം: പക്ഷിപ്പനി സ്ഥിരീകരിച്ച തലയാഴത്ത് ഇന്ന് 4500 ഓളം താറാവുകളെ ദയാവധം ചെയ്തു. തലയാഴം കൊച്ചുഞാറ്റുവീട്ടില്‍ തമ്പി(മോഹനന്‍), തലയാഴം പെരുമാശ്ശേരിയില്‍ സതീശന്‍ എന്നിവരുടെ വളര്‍ത്തുതാറാവുകളെയാണ് മൃഗസംരക്ഷണവകുപ്പിന്റെയും തലയാഴം പഞ്ചായത്തിന്റെയും പ്രത്യേക സംഘം ദയാവധം നടത്തിയത്. പാടത്തും തോട്ടിലുമായുണ്ടായിരുന്ന താറാവുകളെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് എത്തിച്ചാണ് ദയാവധം നടത്തിയത്. ചാക്കില്‍ ക്ലോറോഫോം നിറച്ച് താറാവുകളെ അതിനുള്ളിലാക്കി കൊന്ന ശേഷം കുഴിയില്‍ ഇട്ട് മണ്ണിട്ട് മൂടി. തുടര്‍ന്ന് പരിസരങ്ങളില്‍ അണുനശീകരണവും നടത്തി.ചൊവ്വാഴ്ചയാണ് തലയാഴം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ പുന്നപ്പൊഴി ഭാഗത്ത് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.ഇവിടെയുള്ള സ്വകാര്യ വ്യക്തിയുടെ ബ്രോയ്‌ലര്‍ കോഴി ഫാമിലെ 500 കോഴികള്‍ ചത്തൊടുങ്ങിയതിനെത്തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമല്‍ ഡീസിസസ് ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.