ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ), കെ.സി.എ – “ഓണം പൊന്നോണം -2022” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടെ ആസ്വാദകർക്ക് ദൃശ്യ വിരുന്നാകുന്ന ഓണാഘോഷ പരിപാടികൾ 2022 സെപ്റ്റംബർ 2-ന് ആരംഭിച്ച് സെപ്റ്റംബർ 16-ന് സ്വാദിഷ്ടമായ ഓണ സദ്യയോട് കൂടെ പര്യവസാനിക്കും.
2022 സെപ്തംബർ 2 ന് വെള്ളിയാഴ്ച ഉദ്ഘാടന പരിപാടിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും, ഓണവുമായി ബന്ധപ്പെട്ട വിവിധ കഥാപാത്രങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്രയിൽ, കെ.സി.എ കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുക്കും. “ചെണ്ടമേളം” എന്ന പരമ്പരാഗത കേരള ഡ്രം ബാൻഡ് ഓണാഘോഷ പരിപാടികൾക്ക് മിഴിവേകും.ഓണം പൊന്നോണം 2022 ആഘോഷത്തിന്റെ പതാക ഉയർത്തൽ ചടങ്ങോടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ സമാരംഭിക്കും. അനാഥക്കുട്ടികളുടെ പിതാവ് എന്നറിയപ്പെടുന്ന ശ്രീ. ഖലീൽ അൽ ദയ്ലാമി (ബാബ ഖലീൽ) ഉദ്ഘാടന ചടങ്ങുകളുടെ മുഖ്യാതിഥിയായും ഇന്ത്യയിലെ ദേശീയ-സംസ്ഥാന അവാർഡ് ജേതാവ് ശ്രീ. ഫ്രാൻസിസ് ആന്റണി കോടങ്കണ്ടത്ത്, ഐ.ആർ.എസ്, വിശിഷ്ടാതിഥിയായും പങ്കെടുക്കും. “ഓണം പൊന്നോണം 2022” ന്റെ ഉദ്ഘാടന വേദിയിൽ ശ്രീമതി ജൂലിയറ്റ് തോമസിനെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെടുന്ന കിണ്ണം കളിയും മോഹിനിയാട്ടവും അതോടൊപ്പം ശ്രീ രാഹുൽ രാജുവും സംഘവും അവതരിപ്പിക്കുന്ന മിമിക്രിയും ഇൻസ്ട്രുമെന്റ് മ്യൂസിക് ഫ്യൂഷനും കാണികൾക്ക് ദൃശ്യ വിരുന്നാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഓണവുമായി ബന്ധപ്പെട്ട് ഓപ്പൺ ടു ആൾ കാറ്റഗറിയിലും മെംബേർസ് ഒൺലി കാറ്റഗറിയിലുമായി പരമ്പരാഗത മത്സരങ്ങൾ സംഘടിപ്പിക്കും.
ബഹ്റൈൻ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന പായസം മത്സരം 2022 സെപ്തംബർ 3 ന്, ശനിയാഴ്ച, കെസിഎ അങ്കണത്തിൽ വെച്ച് നടക്കും. സെപ്റ്റംബർ 6-ന്, ചൊവ്വാഴ്ച പ്ലേയിംഗ് കാർഡ്സ് ടൂർണമെന്റും, വടംവലി മത്സരങ്ങൾ സെപ്റ്റംബർ 9-ന് വെള്ളിയാഴ്ച സംഘടിപ്പിക്കും. ഈ മത്സരങ്ങൾ ഓപ്പൺ ടു ഓൾ കാറ്റഗറിയിൽ ആവും സംഘടിപ്പിക്കുക എന്ന് സംഘാടകർ അറിയിച്ചു. പരമ്പരാഗത ഓണം വസ്ത്രധാരണ മത്സരമായ “തനിമലയാളി” മത്സരം 2022 സെപ്തംബർ 13 ന് ചൊവ്വാഴ്ച, കുടുംബം, സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നീ വിഭാഗങ്ങളിലായി നടക്കും. ഇന്ത്യയിൽ നിന്നും ബഹ്റൈനിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ 2022 സെപ്റ്റംബർ 15-ന് വ്യാഴാഴ്ച കെസിഎ പരിസരത്ത് ഗ്രാൻഡ് ഫിനാലെ പരിപാടി നടക്കും. ഗ്രാൻഡ് ഫിനാലെ പരിപാടിയിൽ കേരളത്തിലെ പ്രശസ്ത വയലിനിസ്റ്റ് ശ്രീമതി അപർണ ബാബു തത്സമയ പ്രകടനം നടത്തും.സ്വാദിഷ്ടമായ “ഓണസദ്യ” 2022 സെപ്റ്റംബർ 16 വെള്ളിയാഴ്ച KCA ഹാളിൽ നടക്കും.
ശ്രീ റോയ് സി ആന്റണി (KCA പ്രസിഡന്റ്), ശ്രീ ജിൻസൺ പുതുശ്ശേരി (ആക്ടിംഗ് ജനറൽ സെക്രട്ടറി), ശ്രീ സേവി മാത്തുണ്ണി (കോർ ഗ്രൂപ്പ് ചെയർമാൻ), ശ്രീ. ഷിജു ജോൺ (ജനറൽ കൺവീനർ), ശ്രീ. മനോജ് മാത്യു (ജോയിന്റ് കൺവീനർ), ശ്രീ. ബാബു വർഗീസ് (കൺവീനർ – ഓണസദ്യ), ശ്രീമതി ജൂലിയറ്റ് തോമസ് (പ്രോഗ്രാം കോർഡിനേറ്റർ), ശ്രീ. തോമസ് ജോൺ (പ്രോഗ്രാം കോർഡിനേറ്റർ), ശ്രീമതി ഷൈനി. നിത്യൻ (പ്രോഗ്രാം കോർഡിനേറ്റർ), ശ്രീ ജോഷി വിതയത്തിൽ (പ്രോഗ്രാം കോർഡിനേറ്റർ), ശ്രീ അജി പി ജോയ് (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരുൾപ്പെട്ട സംഘാടകസമിതിയാണ് “ഓണം പൊന്നോണം 2022” ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
പത്രസമ്മേളനത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കൊപ്പം ഓണം പൊന്നോണം 2022 ആഘോഷത്തിന്റെ സംഘാടക സമിതി അംഗങ്ങളും കെസിഎയുടെ മുതിർന്ന അംഗങ്ങളും പങ്കെടുത്തു.