ഇന്ത്യൻ രാഷ്ട്രപതിയെ സന്ദർശിച്ച് ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾ മടങ്ങിയെത്തി.

  • Home-FINAL
  • India
  • ഇന്ത്യൻ രാഷ്ട്രപതിയെ സന്ദർശിച്ച് ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾ മടങ്ങിയെത്തി.

ഇന്ത്യൻ രാഷ്ട്രപതിയെ സന്ദർശിച്ച് ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾ മടങ്ങിയെത്തി.


തിരുവനന്തപുരം: ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിനെ രാഷ്ട്രപതി ഭവനിൽ സന്ദർശിച്ച് ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾ മടങ്ങിയെത്തി. അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും നിറവിലാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഭിന്നശേഷിക്കുട്ടികളുടെ സംഘം തിരിച്ചെത്തിയത്. മടങ്ങിയെത്തിയ ഭിന്നശേഷിക്കുട്ടികളെ സ്വീകരിക്കാനെത്തിയ മാതാപിതാക്കളോട് രാഷ്ട്രപതി ഭവനിലെ അനുഭവങ്ങൾ അതീവ സന്തോഷത്തോടെയാണ് കുട്ടികൾ പങ്കുവെച്ചത്.

കാഴ്ചപരിമിതനായ ശ്രീകാന്തിന് ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും തന്റെ ഉൾക്കണ്ണ് കൊണ്ട് കണ്ട കാര്യങ്ങളും രാഷ്ട്രപതിയുടെ മുമ്പിൽ പാടിയ വിശേഷങ്ങളുമൊക്കെ അമ്മയോട് പങ്കുവയ്ക്കുമ്പോൾ കണ്ടു നിന്നവരുടെ കണ്ണുകൾ ആനനന്ദാശ്രുക്കളാൽ നിറഞ്ഞു. തുള്ളിച്ചാടിയും ആഹ്ലാദാരവങ്ങൾ മുഴക്കിയും അവർ തങ്ങളുടെ അനുഭവങ്ങൾ ഒന്നൊന്നായി പറഞ്ഞു. ഇന്ത്യയുടെ പ്രഥമവനിത ഓരോരുത്തരുടെയും അടുത്തെത്തി കുശലാന്വേഷണം നടത്തിയതടക്കം രാഷ്ട്രപതിയുടെ മുമ്പിൽ കലാപ്രകടനങ്ങൾ അവതരിപ്പിച്ചതും ഇന്ദ്രജാല പരിപാടി കാണുവാനായി ഇനി ഒരിക്കൽക്കൂടി രാഷ്ട്രപതി ഭവനിലേയ്ക്ക് വിളിപ്പിക്കുമെന്ന് പറഞ്ഞതുമൊക്കെ അക്ഷരംവിടാതെ അവർ രക്ഷിതാക്കളോട് പറഞ്ഞൊപ്പിച്ചു. ആദ്യമായി വിമാനത്തിൽ കയറിയവരും കൂട്ടത്തിലുണ്ടായിരുന്നു. ആകാശം കീഴടക്കിയ സന്തോഷമായിരുന്നു കുട്ടികളുടെ മുഖത്ത് നിറയെ. രാഷ്ട്രപതിക്ക് കഥകളി രൂപം സമ്മാനമായി നൽകിയാണ് അവർ മടങ്ങിയത്.

അവഗണിക്കപ്പെട്ടു കിടക്കുന്ന ഒരു സമൂഹത്തെ ഇത്തരത്തിൽ അറിയപ്പെടുന്ന വിധം വളർത്തിയെടുക്കുവാൻ വേണ്ടി ജീവിതം മാറ്റിവച്ചത് ദൈവീകമായ ഒരു തീരുമാനമായിരുന്നുവെന്ന് രാഷ്ട്രപതി ഗോപിനാഥ് മുതുകാടിനെപ്പറ്റി പറഞ്ഞു. അർഹിക്കുന്ന പരിഗണനയോടെ വിശിഷ്ട വ്യക്തികളെപ്പോലെയാണ് രാഷ്ട്രപതി ഭവൻ കുട്ടികളെ സ്വീകരിച്ചതെന്നും ഡിഫറന്റ് ആർട് സെന്ററിനും ഭിന്നശേഷി സമൂഹത്തിനും കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയായി ഇതിനെ കാണുന്നുവെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. സംഘാംഗങ്ങൾക്കൊപ്പം മുൻകേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവരും പങ്കെടുത്തു.


ഇക്കഴിഞ്ഞ ദിവസം ഭിന്നശേഷിക്കുട്ടികളുടെ എംപവറിംഗ് വിത്ത് ലൗ എന്ന ഇന്ദ്രജാല കലാസന്ധ്യ ന്യൂഡൽഹി ഡോ.അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ അരങ്ങേറിയിരുന്നു. പരിമിതികളെ കാറ്റിപ്പറത്തിയ അരങ്ങുതകർത്ത പ്രകടനമായിരുന്നു കുട്ടികളുടേത്. കലകളിൽ സമഗ്രാധിപത്യം തെളിയിച്ച് ഇന്ദ്രപ്രസ്ഥത്തെ വിസ്മയപൂർണമാക്കുവാൻ സെന്ററിലെ ഭിന്നശേഷിക്കുട്ടികൾക്കായി. ഭിന്നശേഷിക്കുട്ടികളുടെ പ്രകടനത്തിന് സാക്ഷ്യം വഹിക്കുവാൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, നോബൽ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാർത്ഥി, നേവൽ അഡ്മിറൽ ആർ.ഹരികുമാർ, കേരളത്തിൽ നിന്നുള്ള എം.പിമാർ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എത്തിയിരുന്നു. ഭിന്നശേഷിക്കുട്ടികളുടെ ഈയൊരു പരിപാടിക്ക് മാത്രമായാണ് കേരളത്തിൽ എം.പിമാർ മിക്കവരും എത്തിയിരുന്നത്.

Leave A Comment