മങ്കിപോക്‌സ് ഇനി എംപോക്‌സ് എന്നറിയപ്പെടും; ലോകാരോഗ്യ സംഘടന

  • Home-FINAL
  • Business & Strategy
  • മങ്കിപോക്‌സ് ഇനി എംപോക്‌സ് എന്നറിയപ്പെടും; ലോകാരോഗ്യ സംഘടന

മങ്കിപോക്‌സ് ഇനി എംപോക്‌സ് എന്നറിയപ്പെടും; ലോകാരോഗ്യ സംഘടന


മങ്കിപോക്‌സ് ഇനി എംപോക്‌സ് എന്ന് അറിയപ്പെടുമെന്ന് ലോകാരോഗ്യ സംഘടന. അസുഖത്തിന്റെ പേര് വംശീയാധിക്ഷേപം ഉണ്ടാക്കുന്നുവെന്നും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുണ്ടെന്നും വാദങ്ങള്‍ ഉയർന്നതോടെയാണ് ലോകാരോഗ്യ സംഘടന പേര് മാറ്റാന്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം കൂടി മങ്കിപോക്‌സ്, എംപോക്‌സ് എന്നീ രണ്ട് പേരുകളും ഉപയോഗിക്കാമെന്നും പിന്നീട് എംപോക്‌സ് എന്ന പേര് മാത്രമാണ് ഉപയോഗിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

നിരവധി വ്യക്തികളും സംഘടനകളും മങ്കിപോക്‌സിന്റെ പേരുമാറ്റാന്‍ ആവശ്യപ്പെട്ടിരുന്നതായും സംഘടന പറയുന്നു. ഓഗസ്റ്റില്‍ കുരങ്ങുപനി പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ, യുഎന്‍ ഏജന്‍സി രോഗത്തെ ഒരു ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ തന്നെ രോഗത്തിന്റെ പേര് മാറ്റുന്നതിനെ കുറിച്ച് ലോകാരോഗ്യ സംഘടന വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മുമ്പ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ധാരാളം രാജ്യങ്ങളില്‍ പോലും 80,000ത്തിലധികം കുരങ്ങുപനി കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു.സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം അല്ലെങ്കില്‍ SARS, കോവിഡ് 19 എന്നിവയുള്‍പ്പെടെ നിരവധി പുതിയ രോഗങ്ങള്‍ ഉയര്‍ന്നുവന്നതിന് തൊട്ടുപിന്നാലെ ലോകാരോഗ്യ സംഘടന രോഗങ്ങൾക്ക് പേരുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും, ഒരു രോഗത്തിന് ആദ്യം നല്‍കിയ പേര്പതിറ്റാണ്ടുകള്‍ക്ക് ശേഷംമാറ്റുന്നത് ഇതാദ്യമായാണ്.

എന്താണ് മങ്കിപോക്സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്. എണ്‍പതുകളില്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി മങ്കിപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാമ്യമുണ്ട്. സാധാരണയായി മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ മങ്കിപോക്‌സ് ആദ്യമായി കണ്ടെത്തിയത്.

രോഗം പകരുന്നത് എങ്ങനെ?

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്‌സ് പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വൈറസ് കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മങ്കിപോക്‌സ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

രോഗ ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

Leave A Comment