എഴുത്തച്ഛൻ പുരസ്ക്കാരം നോവലിസ്റ്റും, കഥാകൃത്തുമായ സേതുവിന്;

  • Home-FINAL
  • Business & Strategy
  • എഴുത്തച്ഛൻ പുരസ്ക്കാരം നോവലിസ്റ്റും, കഥാകൃത്തുമായ സേതുവിന്;

എഴുത്തച്ഛൻ പുരസ്ക്കാരം നോവലിസ്റ്റും, കഥാകൃത്തുമായ സേതുവിന്;


കോട്ടയം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരമെന്ന് സാംസ്ക്കാരികവകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കേരള സർക്കാരിന്‍റെ ഏറ്റവും വലിയ സാഹിത്യ പുരസ്ക്കാരമാണിത്. അഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് എഴുത്തച്ഛൻ പുരസ്കാരം.കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.പ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും നിര്‍വചനങ്ങള്‍ക്ക് അതീതനായി നിന്ന് എഴുത്തിനെ നവീകരിക്കാനും സമകാലികമാക്കാനും ശ്രദ്ധ ചെലുത്തുന്ന എഴുത്തുകാരനാണ് സേതുവെന്നും പ്രമേയത്തിലും രചനാശൈലിയിലും പുതുമ കൊണ്ടുവരാന്‍ കാണിച്ച സൂക്ഷ്മജാഗ്രത അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നുവെന്നും പുരസ്ക്കാര നിർണയ സമിതി പറഞ്ഞു.
1942 ൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനിച്ച സേതു പാലിയം ഹൈസ്കൂളിലും ആലുവ യുസി കോളജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിലും റെയിൽവേയിലും ജോലി ചെയ്ത ശേഷം ബാങ്ക് ഉദ്യോഗസ്ഥനായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഡയറക്ടര്‍, നാഷനല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ തുടങ്ങിയ വലിയ പദവികളിൽ അദ്ദേഹം എത്തി. ജോലിയുടെ ഭാഗമായി ഇന്ത്യയാകെ സഞ്ചരിച്ചതിന്റെ അനുഭവം സേതുവിന്റെ എഴുത്തിനെ ദേശപരിമിതികൾക്കപ്പുറത്തേക്കു സഞ്ചരിക്കാൻ സഹായിച്ചിട്ടുണ്ട്.ആലുവയില്‍ കടുങ്ങല്ലൂരിലെ വീട്ടിലാണ് എൺപത് വയസ് പിന്നിടുന്ന സേതു ഇപ്പോൾ താമസിച്ചുവരുന്നത്. അദ്ദേഹത്തെ മലയാളത്തിലെ മിക്കവാറും പ്രധാനപ്പെട്ട എല്ലാ അവാര്‍ഡുകളും തേടിവന്നിട്ടുണ്ട്. പാണ്ഡവപുരം, കൈമുദ്രകള്‍, അടയാളങ്ങള്‍, കിരാതം, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം തുടങ്ങിയ നോവലുകള്‍ മലയാളത്തില്‍ ബെസ്റ്റ് സെല്ലറുകളാണ്.

Leave A Comment