തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്;ഹൈദരാബാദ് പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് .

  • Home-FINAL
  • Business & Strategy
  • തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്;ഹൈദരാബാദ് പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് .

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്;ഹൈദരാബാദ് പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് .


ബി.ജെ.പിക്കായി തെലങ്കാന എം.എല്‍.എമാരെ വിലക്കെടുത്ത് കൂറുമാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഹൈദരാബാദ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ഓപറേഷന്‍ താമര കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാലാണ് നോട്ടീസ്. ഡോ. ജഗ്ഗു സ്വാമിക്കെതിരെയും ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.കേരള എന്‍.ഡി.എ കണ്‍വീനറായ തുഷാര്‍ വെള്ളാപ്പള്ളിയോടും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിനോടും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ജെഗു സ്വാമിയോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ തെലങ്കാന പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഹൈദരാബാദിലെ പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലെത്താനായിരുന്നു നിര്‍ദേശം. എന്നാല്‍, ഇവര്‍ നിര്‍ദേശം പാലിച്ചില്ല. ഇതേതുടര്‍ന്നാണ് നടപടി.

തെലങ്കാന ഭരിക്കുന്ന ടി.ആര്‍.എസിനെ കുതിരക്കച്ചവടത്തിലൂടെ പുറത്താക്കി ഭരണം പിടിക്കാനുള്ള ശ്രമമാണ് തന്ത്രപരമായ നീക്കത്തിലൂടെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തകര്‍ത്തത്. ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമങ്ങളുടെ തെളിവുകള്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു (കെ.സി.ആര്‍) പുറത്തുവിട്ടിരുന്നു. ടി.ആര്‍.എസ് എം.എല്‍.എമാരെ കാലുമാറ്റാന്‍ തുഷാര്‍ വെള്ളാപ്പളി നൂറ് കോടി രൂപ വാഗ്ദാനം ചെയ്‌തതുവെന്നാണ് കെ.സി.ആര്‍ ആരോപിച്ചത്. നാല് എം.എല്‍.എമാരെ വിലക്കെടുക്കാന്‍ ചുക്കാന്‍ പിടിച്ചത് തുഷാറാണെന്നാണ് പ്രധാന ആരോപണം. എം.എല്‍.എമാരെ സ്വാധീനിക്കാന്‍ പണവുമായി എത്തിയ മൂന്ന് ഏജന്റുമാരെ കഴിഞ്ഞ ദിവസം തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.തെലങ്കാന രാഷ്ട്ര സമിതി എം.എല്‍.എമാരുമായി തുഷാര്‍ ഫോണില്‍ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംഭാഷണത്തിനിടെ ബി.ജെ.പി നേതാവായ ബി.എല്‍ സന്തോഷുമായി സംസാരിക്കാന്‍ അവസരം നല്‍കാമെന്നാണ് തുഷാര്‍ വാഗ്ദാനം നല്‍കിയത്.

‘ഓപറേഷന്‍ താമര’ എന്നുപേരിട്ട കുതിരക്കച്ചവടത്തിന് ‘ചര്‍ച്ച’യ്ക്കെത്തി അറസ്റ്റിലായ മൂന്ന് ഏജന്റുമാരുടെയും സംഭാഷണങ്ങളില്‍ തുഷാറിനെയും ബി.എല്‍. സന്തോഷിനെയും ജഗു സ്വാമിയെയും കുറിച്ച്‌ പലതവണ പറയുന്നുണ്ട്. അറസ്റ്റിലായവരെ അഹമ്മദാബദിലിരുന്ന് തുഷാറാണു നിയന്ത്രിച്ചതെന്നാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പറഞ്ഞത്. പണം വാഗ്ദാനം ചെയ്ത ജഗു സാമിയെ തേടി പൊലീസ് ഇടപ്പള്ളിയിലെ ആശുപത്രിയില്‍ തൊട്ടടുത്ത ദിവസം റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിറകെയാണു ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.അതിനിടെ, കേസ് സിബിഐയ്ക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തെലങ്കാന ഹൈകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നിരീക്ഷണത്തിലാക്കിയാണ് കോടതി ഉത്തരവിട്ടത്.

ഒരു എം.എല്‍.എക്ക് നൂറുകോടി എന്നതായിരുന്നു തുഷാറിന്റെ സംഘത്തിന്റെ വാഗ്ദാനം. ഇങ്ങനെ എം.എല്‍.എമാര്‍ക്ക് പണം നല്കുന്നതിന്റ ദൃശ്യങ്ങളാണ് ചന്ദ്രശേഖര റാവു പുറത്തുവിട്ടിരുന്നത്. തുഷാര്‍ വെള്ളാപ്പള്ളി എം.എല്‍.എമാരെ സമീപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതില്‍ പ്രധാനം. എന്നാല്‍, ആരോപണം നിഷേധിച്ച്‌ കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി രംഗത്ത് വന്നു. പുറത്ത് വിട്ട ദൃശ്യങ്ങള്‍ വ്യാജമാണെന്നായിരുന്നു കിഷന്‍ റെഡ്ഡിയുടെ വാദം.താന്‍ എം.എല്‍.എമാരെ ആരെയും കണ്ടിട്ടില്ലെന്നും അങ്ങനെയൊരു ആരോപണം ഉണ്ടെങ്കില്‍ തെളിവ് കൊണ്ടുവരട്ടെയെന്നുമായിരുന്നു ബി.ഡി.ജെ.എസ് അധ്യക്ഷന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്. ‘എം.എല്‍.എമാരെ കാണുകയോ അവര്‍ക്ക് പണം കൊടുക്കാമെന്ന വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടില്ല. തെളിവുകള്‍ കൊണ്ടുവന്നാല്‍ മറുപടി കൊടുക്കാം. താനും അമിത്ഷായുമായിരിക്കുന്ന ചിത്രങ്ങള്‍ ഒരുപാടുണ്ട്. അത് ഫേസ്ബുക്കില്‍നിന്ന് മറ്റും കിട്ടും. അവിടെ ഉണ്ടായിട്ടുള്ള രാഷട്രീയ പ്രശ്‌നങ്ങളാല്‍ ആരെങ്കിലും മുന്നണി വിട്ടുപോകുന്ന കാര്യത്തില്‍ തനിക്ക് ഒന്നുംപറയാനില്ല. എന്നെ പലരും വിളിക്കാറുണ്ട് അവര്‍ ഏജന്റുമാരാണൊ എന്നൊന്നും അറിയില്ല. ചന്ദ്രശേഖരറാവു കോടതിയില്‍ പോവുകയോ തെളിവുകള്‍ നല്‍കുകയോ ചെയ്യട്ടെ. അപ്പോള്‍ പ്രതികരിക്കാം’ -എന്നായിരുന്നു അന്ന് തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം.

Leave A Comment