മനാമ :കഴിഞ്ഞ 35 വർഷം ബഹ്‌റൈനിൽ പ്രവാസി ജീവിതം നയിച്ച സഹധർമ്മിണിയുടെ പേരിൽ,
ജൻമനാടിന്റെ കുടിവെള്ള ക്ഷാമം അകറ്റാൻ സൗജന്യമായി ഭൂമി നൽകി ഡേവിസ് ടി മാത്യു.
നഗര സഞ്ചയികാപദ്ധതിയിൽ മുരിയാട് പഞ്ചായത്തിന് അനുവദിച്ച കുടിവെള്ള പദ്ധതി പ്രായോഗിക തലത്തിൽ എത്തിക്കാൻ സൗജന്യമായി ഭൂമി നൽകി പുല്ലൂർ ഊരകം സ്വദേശിയും ബഹറിൻ പ്രവാസിയുമായ ശ്രീ ഡേവീസ് ടി.മാത്യു.അന്തരിച്ച തന്റെ പ്രിയതമ റോസിലിയുടെ ഒന്നാം
ചരമവാർഷികത്തോടനുബന്ധിച്ചാണ് ലക്ഷങ്ങൾ വില വരുന്ന ഭൂമി തന്റെ പ്രിയപ്പെട്ട നാടിന്റെ നന്മക്കായി നൽകിയത്.പദ്ധതിക്ക് ആവശ്യമായ സ്ഥലം ലഭിക്കാതെ കിട്ടിയ പദ്ധതി നഷ്ടത്തിലാകുമോ എന്ന ആശങ്ക പങ്കു വെച്ച വാർഡ് മെമ്പറും പഞ്ചായത്തു പ്രസിഡന്റുമായ ജോസ്.ജെ. ചിറ്റിലപ്പിള്ളി യോട് തന്റെ ഭൂമി വിട്ടു തരാനുള്ള സമ്മതം അറിയിക്കുകയായിരുന്നു ഡേവീസ് .ടി.മാത്യു .ബഹറിനിൽ പ്രവാസ ജീവിതം നയിക്കുന്ന അറിയപ്പെടുന്ന സമൂഹ്യ പ്രവർത്തകൻ കൂടിയാണ് ഡേവീസ് ടി. മാത്യു. ബഹറിൻ മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ കോഡിനേറ്ററായിരുന്ന അദ്ദേഹം ഇപ്പോൾ അവാലി കത്തീഡ്രൽ ദേവാലയത്തിലെ മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ കോഡിനേറ്ററും, ബഹറിൻ ഊരകം സെന്റ് ജോസഫസ് കമ്യൂണിറ്റി യുടെ രക്ഷാധികാരി കൂടിയാണ്. പ്രിയതമയുടെ ഓർമക്കായി സൗജന്യമായി വിട്ടു നൽകുന്ന ഭൂമിയുടെ പ്രാഥമിക രേഖകൾ പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ.ചിറ്റിലപ്പിള്ളിയുടേയും പഞ്ചായത്തംഗം മനീഷാ മനീഷിന്റെയും മക്കളായ ഡാരിയോൺ, ഡെറോൺ , ഡെറോസ് എന്നിവരുടെ സാന്നിധ്യത്തിൽ ഡേവീസ് ടി. മാത്യു പഞ്ചായത്ത് സെക്രട്ടറി റെജി പോളിന് കൈമാറി.