മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയും ജനപ്രിയ നടനുമായ സലിം കുമാറിന്റെ വിയോഗത്തിൽ ബഹറിൻ മീഡിയ സിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു. സഗയാ ബി എം സി ഓഡിറ്റോറിയത്തിൽ ഇന്നലെ വൈകിട്ട് നടന്ന അനുശോചന യോഗത്തിൽ ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ചു. മലയാളികളുടെ പ്രിയപ്പെട്ട നടനായ സലിംകുമാറിന്റെ വിയോഗം മലയാള സിനിമാ ലോകത്തിനും പ്രേക്ഷകർക്കും തീരാനഷ്ടമാണ് എന്നും അസാധാരണമായ അഭിനയപാടവം കൊണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അവിസ്മരണീയ കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച അദ്ദേഹത്തിൻറെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു എന്ന് ഫ്രാൻസിസ് കൈതാരത്ത് തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ചടങ്ങിൽ സലിംകുമാറിനോടുള്ള ആദരസൂചകമായി,അദ്ദേഹത്തിൻറെ സിനിമകളിലെ ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശനവും നടന്നു. അനുശോചന യോഗത്തിൽ ബഹ്റൈനിലെ കലാസാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധി പേർ പങ്കെടുത്തു.ഹാസ്യസാമ്രാജ്യത്തിലൂടെയും, അവാർഡുകൾ വാരിക്കൂട്ടിയ അവിസ്മരണീയ കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസ്സിൽ അദ്ദേഹം എക്കാലവും മായാത്ത ഓർമ്മയായി നിലനിൽക്കും എന്നും സലിംകുമാറിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു എന്നും പങ്കെടുത്തവർ അനുശോചന യോഗത്തിൽ പറഞ്ഞു..
