കുടുംബ വിസയ്ക്ക് കര്‍ശന നിയന്ത്രണം. യു.കെ സ്വപ്‍നങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

  • Home-FINAL
  • Business & Strategy
  • കുടുംബ വിസയ്ക്ക് കര്‍ശന നിയന്ത്രണം. യു.കെ സ്വപ്‍നങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

കുടുംബ വിസയ്ക്ക് കര്‍ശന നിയന്ത്രണം. യു.കെ സ്വപ്‍നങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക


ലണ്ടന്‍ : വിദ്യാര്‍ത്ഥി വിസയില്‍ യുകെയില്‍ എത്തുന്നവര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് കര്‍ശന നിയന്ത്രണം. യു.കെ ഹോം ഓഫീസ് പുറത്തിറക്കിയ പുതിയ ഇമിഗ്രേഷന്‍ നിയമത്തിലാണ് ഇത് സംബന്ധിച്ച നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഗവേഷണാധിഷ്‍ഠിതമായ ബിരുദാനന്തര കോഴ്‍സുകള്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക്  മാത്രമായിരിക്കും ഇനി മുതല്‍ തങ്ങളുടെ കുടുംബാംഗങ്ങളെയും യുകെയിലേക്ക് കൊണ്ടുവരാനുള്ള അനുമതി ഉണ്ടാവുക.

കഴിഞ്ഞ ദിവസം യു.കെ ഹോം സെക്രട്ടറി സുവല്ല ബ്രവര്‍മന്‍ പുതിയ എമിഗ്രേഷന്‍ നിയമങ്ങള്‍ സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തുകയായിരുന്നു. ഗവേഷണാധിഷ്‍ഠിതമായ ബിരുദാനന്തര കോഴ്‍സുകള്‍ പഠിക്കുന്നവര്‍ ഒഴികെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിത വിസയില്‍ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുമതി ഉണ്ടാവില്ലെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. റിസര്‍ച്ച് പ്രോഗ്രാമുകളായ നിലവില്‍ നിജപ്പെടുത്തിയിട്ടുള്ള കോഴ്‍സുകള്‍ പഠിക്കുന്നവര്‍ക്ക് മാത്രമായി ആശ്രിത വിസാ അനുമതി പരിമിതപ്പെടുന്നതോടെ സാധാരണ ഡിഗ്രി കോഴ്‍സുകള്‍ക്കോ അല്ലെങ്കില്‍ സര്‍വകലാശാലകള്‍ നടത്തുന്ന ഹ്രസ്വ കോഴ്‍സുകള്‍ക്കോ പഠിക്കാനായി യു.കെയില്‍ എത്തുന്നവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ കഴിയില്ല.

യുകെയിലേക്ക് കുടിയേറിയിട്ടുള്ള പതിനായിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബിരുദ കോഴ്‍സുകള്‍ക്കോ അല്ലെങ്കില്‍ മറ്റ് ചെറിയ കോഴ്‍സുകള്‍ക്കോ ചേര്‍ന്നാണ് കുടുംബാംഗങ്ങളോടൊപ്പം ഇവിടെ താമസിക്കുന്നത്. കുടിയേറ്റം നിയന്ത്രിക്കുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രഖ്യാപനം.

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി കണ്ടെത്തുന്നതിനായി രണ്ട് വര്‍ഷം താമസിക്കാനുള്ള വിസ നല്‍കുന്ന നടപടി 2019ല്‍ ആരംഭിച്ച ശേഷം യുകെയിലക്കുള്ള പഠന വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നിരുന്നു. കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത വിസകള്‍ക്കുള്ള അപേക്ഷകളുടെ എണ്ണം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വര്‍ദ്ധിച്ചതായും ഹോം സെക്രട്ടറി പറഞ്ഞു. രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ അനുവദിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് സൂചനകളുണ്ട്.

നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള വിസാ നിയന്ത്രണങ്ങള്‍ അടുത്ത വര്‍ഷം ജനുവരി മുതലാണ് പ്രാബല്യത്തില്‍ വരികയെന്നതിനാല്‍ നിലവില്‍ യുകെയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കില്ല. എന്നാല്‍ പുതിയ കുടിയേറ്റ നിയമ ഭേദഗതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയുള്ള അപേക്ഷകളില്‍ നിയന്ത്രണം വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2022-2023 വര്‍ഷത്തില്‍ യു.കെയിലേക്കുള്ള കുടിയേറ്റം ഏഴ് ലക്ഷം കടന്നതായാണ് അനൗദ്യോഗിക കണക്കുകള്‍. ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം പുറത്തുവരും. ഇതേ കാലയളവില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ ആശ്രിതര്‍ക്കായി 1,35,788 വിസകള്‍ നല്‍കിയിട്ടുണ്ട്. 2019ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് ഒന്‍പത് ഇരട്ടിയാണിത്. ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണത്തിന് പുറമെ വിദ്യാര്‍ത്ഥി വിസയിലെത്തുന്നവര്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തൊഴില്‍ വിസയിലേക്ക് മാറുന്നതിനുള്ള നിയന്ത്രണവും മലയാളികളെ ബാധിക്കും.

പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ തൊഴില്‍ വിസയിലേക്ക് മാറാമെന്ന പ്രതീക്ഷയോടെ നിലവില്‍ യുകെയിലെത്തി പഠനം തുടരുന്നവര്‍ വിസ പുതുക്കാന്‍ ശ്രമിക്കുമ്പോള്‍ തടസങ്ങള്‍ നേരിട്ടേക്കും. യുകെയിലേക്കുള്ള കുടിയേറ്റത്തിന് തടയിടുകയെന്ന സര്‍ക്കാര്‍ നയം പ്രായോഗിക വത്കരിക്കാനുള്ള കൂടുതല്‍ തീരുമാനങ്ങള്‍ തുടര്‍ന്നും ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

Leave A Comment