ഭോപ്പാൽ: സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു യൂട്യൂബർക്ക് തന്റെ ‘ഹോം ടൂർ’ വീഡിയോ വിനയായി. വീടിന്റെ കാഴ്ച്ചകളും സ്വർണ്ണാഭരണങ്ങളും യൂട്യൂബിലൂടെ പങ്കുവെച്ചതിന് പിന്നാലെ പ്രമുഖ യൂട്യൂബർ രചന ഗുർജാറിന്റെ വീട് അജ്ഞാത സംഘം കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയായ രചനയുടെ വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും ഉൾപ്പെടെ പത്തുലക്ഷം രൂപയുടെ കവർച്ചയാണ് നടന്നത്. യുട്യൂബറായ യുവതിയെയും കുടുംബാംഗങ്ങളെയും മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം. പണത്തിനും സ്വർണ്ണത്തിനുമൊപ്പം വീട്ടിൽ സൂക്ഷിച്ചിരുന്ന എനർജി ഡ്രിങ്കിന്റെ ഒരു കാർട്ടണും മോഷ്ടാക്കൾ കവർന്നതായി പരാതിയിൽ പറയുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് മോഷ്ടാക്കൾ വീടിനുള്ളിൽ അതിക്രമിച്ചു കയറിയത്. ഈ സമയത്ത് വീട്ടുകാർ ഉറക്ക ത്തിലായിരുന്നു. മോഷ്ടാക്കൾ ഇവരുടെ കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് മറ്റു മുറികളിൽ തിരച്ചിൽ നടത്തിയത്. പുലർച്ചെ നാലുമണിയോടെ ഉണർന്നപ്പോഴാണ് തങ്ങൾ മുറിക്കുള്ളിൽ പെട്ടുപോയ വിവരം രചനയും കുടുംബവും അറിയുന്നത്. തുടർന്ന് ഫോൺ വഴി ബന്ധുക്കളെ വിവരമറിയിക്കുകയും, അവരെത്തി മുറി തുറന്ന് ഇവരെ രക്ഷപ്പെടുത്തു കയുമായിരുന്നു. പോലീസിനെ വെട്ടിക്കാൻ വളരെ ആസൂത്രിതമായാണ് കവർച്ചാസംഘം നീങ്ങിയത്. സിസിടിവിയിൽ മുഖം പതിയാതിരിക്കാൻ വീട്ടിലെ ക്യാമറകളെല്ലാം ഇവർ മറ്റ് ദിശകളിലേക്ക് തിരിച്ചുവെച്ചു.
മുഖം മറച്ചെത്തിയ മോഷ്ടാവ് വടി ഉപയോഗിച്ച് ക്യാമറ തിരിക്കുന്ന ദൃശ്യങ്ങൾ ഒരു സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും കൃത്യമായ ധാരണയുള്ളവരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. സാമൂഹികമാധ്യമങ്ങളിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള രചന അടുത്തിടെ പങ്കുവെച്ച വീഡിയോകളാണ് മോഷ്ടാക്കൾക്ക് വഴികാട്ടിയതെന്നാണ് പോലീസ് നിഗമനം. തങ്ങളുടെ വീട്, മുറികൾ, വീട്ടുപരിസരം, അകത്തേക്ക് പ്രവേശിക്കാനുള്ള വഴികൾ എന്നിവയെല്ലാം രചന തന്റെ ‘ഹോം ടൂർ’ വീഡിയോയിലൂടെ വിശദമായി കാണിച്ചിരുന്നു. ഇതിനുപുറമേ മറ്റൊരു വീഡിയോയിൽ തന്റെ പക്കലുള്ള സ്വർണ്ണ-വെള്ളി ആഭരണങ്ങളും ഇവർ പ്രദർശിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കണ്ട് കൃത്യമായ പ്ലാൻ തയ്യാറാക്കിയ ശേഷമാണ് മോഷ്ടാക്കൾ കവർച്ചയ്ക്കെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
