ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടു വ്യാജവും അധിക്ഷേപകരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റാ ഇന്ത്യ മേധാവിക്കെതിരെയും നിരവധി സമൂഹമാധ്യമ അക്കൗണ്ട് ഉടമകൾക്കെതിരെയും ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രധാനമന്ത്രിയുടെ ചിത്രം വികൃതമാക്കുകയും ആക്ഷേപകരമായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണു നടപടി. മോർഫ് ചെയ്ത ദൃശ്യങ്ങൾ പങ്കുവച്ച സമൂഹമാധ്യമങ്ങളുടെ അക്കൗണ്ട് ഉടമകൾക്കൊപ്പം സഹപ്രതിയായി ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യ മേധാവിയും കേസുകളിൽ പ്രതിയാണ്. ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപി പ്രവർത്തകരും അനുഭാവികളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് പൊലീസ് കേസുകൾ റജിസ്റ്റർ ചെയ്തത്.
വിവാദ ഉള്ളടക്കങ്ങളുള്ള സമൂഹമാധ്യമ അക്കൗണ്ടുകളെ കുറിച്ചും റജിസ്റ്റർ ചെയ്ത കേസുകളെക്കുറിച്ചും വിശദീകരിച്ച് ഹൈദരാബാദ് പൊലീസ് മെറ്റ അധികൃതർക്ക് നോട്ടിസ് അയച്ചിട്ടുണ്ട്. വ്യാജ ഉള്ളടക്കങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത യഥാർഥ പ്രതികളെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചു വരികയാണെന്നും സൈബർ ക്രൈം അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
