ലിസ്ബൺ: ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും (41) പങ്കാളി ജോർജീന റോഡ്രിഗസും (32) വിവാഹിതരായി. പോർച്ചുഗലിലെ കാസ്കായിസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ഇരുവരുടെയും അഞ്ച് മക്കളും സാക്ഷികളായി പങ്കെടുത്തു. വിവാഹ മോതിരങ്ങൾ അണിഞ്ഞ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് താരം സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്.
2016-ൽ മാഡ്രിഡിലെ ഒരു ഗുച്ചി സ്റ്റോറിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ആ ഷോപ്പിലെ സെയിൽസ് അസിസ്റ്റന്റായിരുന്നു ജോർജീന. പിന്നീട് 2017-ൽ സ്വിറ്റ്സർലൻഡിൽ നടന്ന ഫിഫ ഫുട്ബോൾ അവാർഡ് ദാന ചടങ്ങിൽ ഒന്നിച്ചെത്തിയതോടെയാണ് ഇരുവരുടെയും പ്രണയം പരസ്യമായത്. തങ്ങളുടെ ബന്ധം ഇത്രത്തോളം ശക്തമാകുമെന്ന് കരുതിയിരുന്നില്ലെന്ന് ‘ഐ ആം ജോർജീന’ എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയിൽ റൊണാൾഡോ വെളിപ്പെടുത്തിയിരുന്നു. ഒരു പതിറ്റാണ്ട് നീണ്ട ഒരുമിച്ചുള്ള ജീവിതത്തിനു ശേഷമാണ് ഈ വിവാഹം. 2025 ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
ഈ മാസം എട്ടാം തീയതി റൊണാൾഡോയുടെ ജന്മനാടായ മദീറയിലെ ഫിൻചാൽ കത്തീഡ്രലിൽ വെച്ച് വിവാഹം നടക്കുമെന്ന് മുൻപ് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് താരത്തിന്റെ സഹോദരിമാർ രംഗത്തെത്തിയിരുന്നുവെങ്കിലും നൂറുകണക്കിന് ആരാധകരാണ് കത്തീഡ്രലിന് മുന്നിൽ തടിച്ചുകൂടിയത്. എന്നാൽ അവിടെ നടന്നത് മറ്റൊരു ദമ്പതികളുടെ വിവാഹമായിരുന്നു. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചിരിക്ക് വഴിവെക്കുകയും റൊണാൾഡോ തന്നെ ഇതിനോട് തമാശരൂപേണ പ്രതികരിക്കുകയും ചെയ്തിരുന്നു.നാൽപത്തിയൊന്നുകാരൻ ക്രിസ്റ്റ്യാനോയുടെ 5 മക്കളിൽ 4 പേർ മുപ്പത്തിരണ്ടുകാരി ജോർജിനയുമായുള്ള ബന്ധത്തിൽ നിന്നുള്ളവരാണ്. 2010ലാണ് റൊണാൾഡോയുടെ മൂത്തമകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ ജനിക്കുന്നത്. റൊണാൾഡോ ജൂനിയറിന്റെ മാതാവ് ആരെന്ന കാര്യം ഇപ്പോഴും രഹസ്യമാണ്. ഏഴു വർഷങ്ങൾക്കു ശേഷം വാടക ഗർഭപാത്രത്തിലൂൂടെ ഇവ മരിയ, മതിയോ റൊണാൾഡോ എന്നീ ഇരട്ടക്കുട്ടികൾ ജനിച്ചു. ജോർജീനയുമായുള്ള ബന്ധത്തിലുണ്ടായ കുട്ടികളാണ് അലന മാർട്ടിനയും, ബെല്ല എസ്മെറാൾഡയും. ബെല്ലയുടെ ഇരട്ട സഹോദരനായ എയ്ഞ്ചൽ പ്രസവ സമയത്ത് മരണപ്പെട്ടത് റൊണാൾഡോയ്ക്കും ജോർജീനയ്ക്കും വലിയ ആഘാതമായിരുന്നു. കുട്ടികളെയെല്ലാം ജോർജിനയാണു വളർത്തുന്നത്.
