ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി മാനസികരോഗം അഭിനയിച്ചതെന്ന് കോടതി

  • Home-FINAL
  • Business & Strategy
  • ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി മാനസികരോഗം അഭിനയിച്ചതെന്ന് കോടതി

ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി മാനസികരോഗം അഭിനയിച്ചതെന്ന് കോടതി


കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ച എല്ലാ കുറ്റകൃത്യങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി നിരീക്ഷിച്ചതായി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ. പ്രതിക്ക് മാനസികപ്രശ്‌നങ്ങൾ ഉണ്ട് എന്ന പ്രതിഭാഗത്തിന്റെ വാദം ഒരു കാരണവശാലും നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ‘കേരളത്തിൽ നടന്നിട്ടുള്ള കുറ്റകൃത്യങ്ങളിൽ, തനിക്ക് അനുകൂലമായി തെളിവുണ്ടാക്കാൻ വളരെ ബുദ്ധിപരമായി കഥ മെനഞ്ഞെടുത്ത ആളാണ് ഈ കേസിലെ പ്രതി സന്ദീപ്. കേസിൽ പരിക്കുപറ്റിയ ദൃക്‌സാക്ഷികൾ ഉണ്ട് എന്നതുകൊണ്ടുതന്നെ തനിക്ക് രക്ഷപ്പെടാൻ മറ്റ് വഴികളില്ല എന്ന് മനസിലാക്കിയ ഇയാൾ, തനിക്ക് മാനസികപ്രശ്‌നമുണ്ട് എന്ന് വരുത്തിത്തീർക്കുന്നതിനുള്ള ശ്രമങ്ങൾ ബുദ്ധിപൂർവം നടത്തി.’ അതിനായി ജയിലിലെ ലൈബ്രറിയിൽനിന്ന് മാനസികാരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ എടുത്ത് വായിച്ചു പഠിച്ചു. ശേഷം തന്നെ ഇന്റർവ്യൂ ചെയ്യാൻ വരുന്ന മെഡിക്കൽ ബോർഡിലെ വിദഗ്ധ സൈക്യാട്രി ഡോക്ടർമാരെ കബളിപ്പിക്കുന്ന, വഴിതിരിച്ചുവിടുന്ന ഉത്തരങ്ങൾ നൽകി. പ്രതിക്ക് സ്‌കീസോഫീനിയയുടെ ലക്ഷണങ്ങൾ ഉണ്ട് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് പ്രതി നടത്തിയത്. എന്നാൽ ഇതെല്ലാം കപടശ്രമങ്ങളാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായി.’ അഡ്വ. പ്രതാപ് പറഞ്ഞു.

‘പ്രതിയെ അറസ്റ്റുചെയ്ത ഉടൻ പോലീസ് അടുത്ത കാര്യങ്ങളിലേക്ക് ചടുലമായി നീങ്ങി. പ്രതി തനിക്ക് മാനസികപ്രശ്‌നമുണ്ട് എന്ന തരത്തിലൊരു വാദം ഉന്നയിക്കാൻ സാധ്യതയുണ്ട് എന്ന് മുൻകൂട്ടി കണ്ട് തിരുവനന്തപുരത്തെ മാനസികാരോഗ്യവിദഗ്ധനായ ഡോ. അരുൺ പ്രതിയുമായി സംസാരിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും പോലീസിന് മൊഴിനൽകുകയും ചെയ്തിരുന്നു. പ്രതിക്ക് യാതൊരുതരത്തിലുള്ള മാനസിക വിഭ്രാന്തിയുമില്ല എന്നാണ് അതിൽ പറയുന്നത്’

‘കുറ്റം നടന്ന് ഒമ്പതാം ദിവസം മെഡിക്കൽ ബോർഡ് രൂപീകരിച്ച് പ്രതിയുമായി വീണ്ടും സംസാരിച്ചു. അതിന്റെ ഭാഗമായ റിപ്പോർട്ടിലും പ്രതിക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് പറഞ്ഞിട്ടില്ല. വിശദമായ പരിശോധനയുടെ ഭാഗമായി ജൂൺ മൂന്നിന് വീണ്ടും ഒരു മെഡിക്കൽ ടീം കൂടി പ്രതി സന്ദീപുമായി സംസാരിച്ചു. പക്ഷേ, ഇത്തവണ, പുസ്തകങ്ങളിൽനിന്നും മാനസികാരോഗ്യത്തെക്കുറിച്ചുള്ള കാര്യങ്ങൾ പഠിച്ച്, എങ്ങനെ ഡോക്ടർമാരെ വഴിതിരിച്ചുവിടാം എന്ന് പ്രതി പഠിച്ചിരുന്നു. ഈ റിപ്പോർട്ടിൽ പ്രതിക്ക് മാനസികപ്രശ്‌നം ഉണ്ടെന്നാണ് പറയുന്നത്. ഇക്കാര്യം പ്രോസിക്യൂഷന് തെളിയിക്കാനായി. പ്രതിയുടെ സഹപ്രവർത്തകരായ അധ്യാപകർ കോടതിയിൽ അയാൾക്ക് അനുകൂലമായ മൊഴിയാണ് നൽകിയതെങ്കിലും, പ്രോസിക്യൂഷന്റെ ചോദ്യങ്ങൾക്ക് അവർ കുറ്റകൃത്യത്തിന് തലേന്നുവരെ പ്രതിക്ക് ഇത്തരം പ്രശ്‌നങ്ങൾ ഇല്ലായിരുന്നു എന്ന ഉത്തരമാണ് നൽകിയത്. തന്നെ സഹായിക്കാൻ ശ്രമിച്ച ഡോക്ടറെ തന്നെയാണ് പ്രതി കൊലപ്പെടുത്തിയത് എന്നതുകൊണ്ടുതന്നെ ഇത് അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണം എന്നാണ് പ്രോസ്‌ക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.’ അഡ്വ. പ്രതാപ് വ്യക്തമാക്കി.

Leave A Comment