തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് ഗോദയിൽ.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഇന്ന് 95 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രികകൾ പിൻവലിച്ചത്. റിബലുകളും അപരൻമാരും അടക്കമുള്ളവർ പത്രിക പിൻവലിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സര രംഗത്തുള്ളത് കൊടുവള്ളിയിലാണ്. ഇവിടെ 13 സ്ഥാനാർഥികളാണ് ഉള്ളത്. ഇവിടെ 17 സ്ഥാനാർഥികളാണ് നേരത്തെയുണ്ടായിരുന്നത്. തിരുവനന്തപുരത്തും പേരാവൂരിലും മഞ്ചേശ്വരത്തും 11 വീതം സ്ഥാനാർഥികളുണ്ട്. 1254 പേരാണ് പത്രിക സമർപ്പിച്ചത്. ബുധനാഴ്ച സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ 985 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. 95 പേർ പത്രിക പിൻവലിച്ചതോടെ സ്ഥാനാർഥികളുടെ എണ്ണം 890 ആയി. 2021ലെ തെരഞ്ഞെടുപ്പിൽ 957 സ്ഥാനാർഥികളാണ് മത്സരിച്ചത്.

