ഗൾഫിലെ എൻജിനീയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷ പ്രതിസന്ധിയിൽ; പ്രത്യേക പരീക്ഷ വന്നേക്കും

  • Home-FINAL
  • GCC
  • ഗൾഫിലെ എൻജിനീയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷ പ്രതിസന്ധിയിൽ; പ്രത്യേക പരീക്ഷ വന്നേക്കും

ഗൾഫിലെ എൻജിനീയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷ പ്രതിസന്ധിയിൽ; പ്രത്യേക പരീക്ഷ വന്നേക്കും


തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധം കടുത്തതോടെ സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഗൾഫിലെ നടത്തിപ്പ് പ്രതിസന്ധിയിൽ. ഏപ്രിൽ 17 മുതൽ 23 വരെയാണ് ഓൺലൈൻ പരീക്ഷ.

ദുബൈയിലെ ഇന്ത്യൻ സ്കൂൾ സെന്ററായി 527വിദ്യാർത്ഥികൾ അപേക്ഷിച്ചിട്ടുണ്ട്. ഗൾഫിലെ മറ്റു രാജ്യങ്ങളിലെ കുട്ടികളും ഇവിടെയാണ് പരീക്ഷ എഴുതുന്നത്. എന്നാൽ യുദ്ധം കാരണം സ്കൂളുകളെല്ലാം അടച്ചു. വിമാനയാത്രയടക്കം പ്രതിസന്ധിയിലാണ്.

എൻട്രൻസ് കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥർക്ക് ദുബായിലെ പരീക്ഷാകേന്ദ്രത്തിലേക്ക് പോകാൻ അനുമതി ലഭിച്ചിട്ടില്ല. മറ്റൊരു പരീക്ഷാകേന്ദ്രം കൂടി സജ്ജമാക്കാനുള്ള നീക്കവും പാളി.

പരീക്ഷാനടത്തിപ്പ് അവലോകനം ചെയ്യാൻ ഏപ്രിൽ നാലിന് സർക്കാർ യോഗം വിളിച്ചിട്ടുണ്ട്. ഗൾഫിലെ പരീക്ഷ മാറ്റിവയ്ക്കാനും സ്ഥിതിഗതികൾ ശാന്തമായാൽ മേയിൽ പരീക്ഷ നടത്താനുമാണ് ആലോചന. ഇക്കാര്യത്തിൽ ഏപ്രിൽ പത്തോടെ തീരുമാനമുണ്ടാവും.

എൻട്രൻസ് ഫലം മേയ് 10നും റാങ്ക്‌ലിസ്റ്റുകൾ ജൂൺ 20നകവും പ്രസിദ്ധീകരിക്കാനിരുന്നതാണ്. ഗൾഫിലെ പരീക്ഷ നീണ്ടാൽ ഇതിലും മാറ്റമുണ്ടാവും.

കോവിഡ് സമയത്ത് എൻട്രൻസ് പരീക്ഷ ദുബായിലെ ഇന്ത്യൻ കോൺസൽ ജനറലിന്റെ മേൽനോട്ടത്തിലാണ് നടത്തിയത്. പരീക്ഷാഹാളുകൾ ക്യാമറ നിരീക്ഷണത്തിലാക്കി തത്സമയം തിരുവനന്തപുരത്തെ എൻട്രൻസ് കമ്മിഷണറേറ്റിൽ വലിയ സ്ക്രീനുകളിൽ നിരീക്ഷിച്ചു. അന്ന് എൻട്രൻസ് ചോദ്യപേപ്പറും ഒ.എം.ആർ ഷീറ്റും എയർകാർഗോയിൽ സീൽ ചെയ്ത് ദുബായിലേക്ക് അയയ്ക്കുകയായിരുന്നു.

ഇപ്പോൾ ഓൺലൈനായാണ് പരീക്ഷ നടത്തുന്നതെന്നതിനാൽ ചോദ്യ, ഉത്തരക്കടലാസുകൾ അയയ്ക്കേണ്ടതില്ല. ഓൺലൈൻ പരീക്ഷയായതിനാൽ സൗകര്യപ്രദമായ മറ്റൊരുദിവസം പരീക്ഷ നടത്തുന്നതിൽ തടസമില്ലെന്ന് എൻട്രൻസ് കമ്മിഷണറേറ്റ് വ്യക്തമാക്കി. ഗൾഫിൽ സ്കൂളുകൾ തുറക്കാൻ അനുമതി ലഭിച്ചാലുടൻ പരീക്ഷ നടത്താനാവുമെന്നാണ് പ്രതീക്ഷ.
നാട്ടിലെത്താൻ സൗകര്യമുണ്ടെങ്കിൽ ഇവിടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്നത് പരിഗണനയിലാണ്.
ഓൺലൈൻ പരീക്ഷയായതിനാൽ നിരവധി സെറ്റ് ചോദ്യങ്ങൾ ശേഖരത്തിലുണ്ട്. ഒരു ബാച്ചിന്റെ ചോദ്യം ആവർത്തിക്കില്ല. ചോദ്യപേപ്പർ തിരഞ്ഞെടുക്കുന്നത് സോഫ്‌റ്റ്‌വെയറാണ്.

Leave A Comment