വിവാ മെഹീക്കോ! ലോകകപ്പ് ഫുട്ബോളിന് ഇന്ന് കൊടിയേറ്റം; ‘ഡായ് ഡായ്’ ഗാനവുമായി ഷക്കീറ വീണ്ടുമെത്തുന്നു

  • Home-FINAL
  • Business & Strategy
  • വിവാ മെഹീക്കോ! ലോകകപ്പ് ഫുട്ബോളിന് ഇന്ന് കൊടിയേറ്റം; ‘ഡായ് ഡായ്’ ഗാനവുമായി ഷക്കീറ വീണ്ടുമെത്തുന്നു

വിവാ മെഹീക്കോ! ലോകകപ്പ് ഫുട്ബോളിന് ഇന്ന് കൊടിയേറ്റം; ‘ഡായ് ഡായ്’ ഗാനവുമായി ഷക്കീറ വീണ്ടുമെത്തുന്നു


മെക്സിക്കോ സിറ്റി: പെലെയും മറഡോണയും കിരീടമുയർത്തി ചരിത്രം കുറിച്ച മെക്സിക്കോയിലെ പുണ്യഭൂമിയിൽ കാൽപന്തിന്റെ മഹാപൂരത്തിന് ഇന്ന് തുടക്കമാവുകയാണ്. മൂന്നാം തവണയും ലോകകപ്പിന് വേദിയാകുന്ന ചരിത്രപ്രസിദ്ധമായ അസ്ടെക്ക സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നിനാണ് (ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30) മത്സരം ആരംഭിക്കുക. 1970-ലും 1986-ലും മെക്സിക്കോ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോഴായിരുന്നു പെലെയും മറഡോണയും യഥാക്രമം ഇവിടെ കിരീടം ചൂടിയത്. ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന മെക്സിക്കൻ ആരാധകർ വലിയ ആവേശത്തോടെയാണ് ആദ്യ മത്സരത്തെ വരവേൽക്കുന്നത്. ‘സോമോസ് ലൊക്കാലെസ് ഒട്ര വെസ്’ (വീണ്ടും നമ്മളാണു ഹോം ടീം) എന്ന വാചകങ്ങളാണ് ഇപ്പോൾ ഫാൻ സോണുകളിലുടനീളം മുഴങ്ങിക്കേൾക്കുന്നത്. ‘മെക്സിക്കോ നീണാൾ വാഴട്ടേ’ എന്നർഥം വരുന്ന ‘വിവാ മെഹീക്കോ’ എന്ന മുദ്രാവാക്യങ്ങളാൽ ഇനിവരുന്ന ദിവസങ്ങളിൽ സ്റ്റേഡിയങ്ങൾ മുഖരിതമാകും.

കിക്ക്-ഓഫിന് ഒന്നര മണിക്കൂർ മുൻപ് തന്നെ അസ്ടെക്ക സ്റ്റേഡിയത്തിൽ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമാകും. ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’ ആലപിക്കാൻ കൊളംബിയൻ പോപ് ഗായിക ഷക്കീറയും നൈജീരിയൻ ഗായകൻ ബർണ ബോയും വേദിയിലെത്തും. കൂടാതെ ടൈല, ജെ ബാൽവിൻ, മാന, അലക്സാന്ദ്രോ ഫെർണാണ്ടസ്, ബെലിൻഡ, ഡാനി ഓഷ്യൻ, ലീല ഡൗൺസ് തുടങ്ങിയ പ്രമുഖ സംഗീതജ്ഞരും ചടങ്ങിന് മാറ്റുകൂട്ടും. ഹോളിവുഡ് നടി സൽമ ഹയെക് ഉൾപ്പെടെയുള്ള ലോകോത്തര താരങ്ങളും ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരാകും.
നാളെ കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടക്കുന്ന കാനഡ–ബോസ്നിയ മത്സരത്തിന് മുൻപും, ലൊസാഞ്ചലസ് സ്റ്റേഡിയത്തിൽ നടക്കുന്ന യുഎസ്എ–പാരഗ്വായ് മത്സരത്തിന് മുൻപും സമാനമായ ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറും.

എൺപതിനായിരത്തോളം കാണികളെത്തുന്ന ആദ്യ മത്സരത്തിന് കനത്ത സുരക്ഷയാണ് മെക്സിക്കോ സിറ്റിയിൽ ഒരുക്കിയിരിക്കുന്നത്. ലഹരി കാർട്ടലുകളുടെ അക്രമസാധ്യതകൾ മുന്നിൽക്കണ്ട് കടുത്ത ജാഗ്രതയിലാണ് അധികൃതർ. ടീം ബസുകൾക്ക് മുന്നിലും പിന്നിലും യന്ത്രത്തോക്കുകൾ ഘടിപ്പിച്ച സൈനിക വാഹനങ്ങളുടെ അകമ്പടിയുണ്ടാകും.
നഗരത്തിലെ നിരത്തുകളിൽ മുഴുവൻ സമയവും സൈനിക പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്.
ടിക്കറ്റ് നിരക്കുകൾ വളരെ ഉയർന്നതാണെന്നത് പ്രാദേശിക ആരാധകരെ അല്പം നിരാശരാക്കുന്നുണ്ടെങ്കിലും, സ്റ്റേഡിയത്തിന് പുറത്ത് വലിയ സ്ക്രീനുകളിൽ കളി കാണാൻ ആയിരങ്ങളാണ് ഒത്തുകൂടുന്നത്. ഫുട്ബോൾ ലോകം ഇനി കാൽപന്തിന്റെ യുദ്ധഭൂമിയിലേക്ക് ഉണരുകയാണ്!

Leave A Comment