തൃശൂർ: വെടിക്കെട്ട് അപകടം നടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് മുണ്ടത്തിക്കോട് പടക്ക നിർമാണശാലയിലെത്തിയ മാധ്യമസംഘം കണ്ടത് പാട്ട് പാടി ജോലി ചെയ്യുന്ന പ്രായമായ സ്‌ത്രീകൾ ഉൾപ്പെടെ തൊഴിലാളികളെ. തൃശൂർ പൂരത്തിനോട് അനുബന്ധിച്ച് പടക്ക നിർമാണശാലയിൽ പാട്ട് പാടി ആഘോഷത്തോടെയായിരുന്നു അവർ ജോലിചെയ്തിരുന്നത്. മാധ്യമസംഘം മടങ്ങി ഒരു മണിക്കൂറിനുള്ളിലാണ് അപകടമുണ്ടായത്. ‘അപകടമേഖല നോ എൻട്രി’ എന്ന ബോർഡ് കെട്ടിടത്തിൻ്റെയരികിലുണ്ടായിരുന്നു. അപകടത്തിൽപെട്ട പലരും തൃശൂർ പൂര കാലത്താണ് ഇവിടേയ്ക്ക് എത്തുന്നവരാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണ് മുണ്ടത്തിക്കോട്ട് സ്‌ഫോടനമുണ്ടായത്. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ മെഡിക്കൽ കോളേജുകളിലും പ്രവേശിപ്പിച്ചു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്.

