തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടനത്തെക്കുറിച്ച് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ഓൺലൈനായി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ നൽകാനും തീരുമാനമായി. സ്‌ഫോടനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിർദേശം നൽകി. ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ ഏകാംഗ ജുഡീഷ്യൽ കമ്മിഷനാണ് അന്വേഷണത്തിന്റെ ചുമതല.
സ്‌ഫോടനത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപയും ഉൾപ്പെടെ 14 ലക്ഷം രൂപ അടിയന്തര ധനസഹായം അനുവദിക്കും. പരുക്കേറ്റവർക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 2 ലക്ഷം രൂപ അടിയന്തര ധനസഹായമായി അനുവദിക്കും. സ്ഫോടനത്തെ തുടർന്ന് രാവിലെ നടത്തിയ തിരച്ചിലിൽ രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. കെഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് പാടത്ത് നിന്നും ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. പെട്ടിമുടി അടക്കമുള്ള നിരവധി ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മായ, മർഫി എന്നീ നായ്ക്കളാണ് പരിശോധന നടത്തിയത്

