ന്യൂഡൽഹി: അനിശ്ചിതത്വം കാരണം ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. മാർച്ച് 29ന് ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആഴ്ചയിൽ ഏകദേശം 3,000 സർവീസുകൾ കുറവായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതേ സമയം ഇതുവരെ സർക്കാർ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ വേനൽക്കാല ഷെഡ്യൂളിൽ ആഴ്ചയിൽ 25,610 വിമാനങ്ങൾ സർവീസ് നടത്തിയിരുന്നെങ്കിൽ, ഈ വർഷം മാർച്ച് 29 മുതൽ ഒക്ടോബർ 31 വരെ ഇത് 22,600 ആയി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 12 ശതമാനം സർവീസുകളുടെ കുറവുണ്ടാകും. ഇന്ധനവില വർധനവും വിദേശനാണ്യ വിനിമയ നിരക്കിലെ വ്യതിയാനവുമാണ് വിമാനക്കമ്പനികളെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ഏപ്രിലിൽ പ്രതിദിനം 2,000 ആഭ്യന്തര സർവീസുകളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാൽ പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾക്കനുസരിച്ച് രാജ്യാന്തര സർവീസുകളിൽ മാറ്റമുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ഫ്യൂവൽ സർചാർജ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇത് വിമാനയാത്രക്കാരുടെ എണ്ണത്തെ ബാധിച്ചേക്കാമെന്നും ഇൻഡിഗോ വക്താവ് പറഞ്ഞു.
വിമാന ഇന്ധനവില ഇനിയും ഉയർന്നാൽ ഏപ്രിൽ മുതൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനോ അല്ലെങ്കിൽ ചില വിമാനങ്ങൾ സർവീസ് നടത്താതെ നിർത്തിയിടാനോ കമ്പനികൾ നിർബന്ധിതരായേക്കും. പശ്ചിമേഷ്യയിലെ സംഘർഷം കാരണം വിനോദസഞ്ചാരികൾ യാത്രകൾ മാറ്റിവയ്ക്കാൻ സാധ്യതയുള്ളതും വിമാനക്കമ്പനികളെ ആശങ്കയിലാഴ്ത്തുന്നു.

