യുദ്ധ സാഹചര്യത്തെ തുടർന്ന് ഫോർമുല വൺ (എഫ് വൺ) പ 2026 സീസണിലെ രണ്ട് പ്രധാന ഗ്രാൻഡ് പ്രീകൾ റദ്ദാക്കി. സുരക്ഷാ കാരണങ്ങളാൽ അടുത്ത മാസം നിശ്ചയിച്ചിരുന്ന രണ്ട് റേസുകളും നടക്കില്ലെന്ന് ഫോർമുല വൺ അധികൃതർ പ്രഖ്യാപിച്ചത്. ഏപ്രിൽ 12ന് നടക്കേണ്ടിയിരുന്ന ബഹ്‌റൈൻ ഗ്രാൻഡ്പ്രീയും, ഏപ്രിൽ 19ന് നടക്കേണ്ടിയിരുന്ന സൗദി അറേബ്യൻ ഗ്രാൻഡ്പ്രീയുമാണ് റദ്ദാക്കിയത്. ചൈനീസ് ഗ്രാൻഡ്പ്രീക്ക് മുന്നോടിയായാണ് നിർണായക പ്രഖ്യാപനമുണ്ടായത്.
ടീമുകളുടെയും കാണികളുടെയും സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഫെഡറേഷൻ ഇന്റർനാഷണൽ ഡി എൽ ഓട്ടോമൊബൈൽ (എഫ്ഐഎ) പ്രസിഡന്റ് മുഹമ്മദ് ബിൻ സുലായം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷം കനത്തതോടെ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിലുണ്ടായ തടസങ്ങളും സുരക്ഷാ ഭീഷണികളുമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് അധികൃതരെ എത്തിച്ചതെന്നാണ് വിവരം.

