അമ്പലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി.സുധാകരൻ. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പിൽ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. സ്വതന്ത്ര സ്ഥാനാർഥിയാണ്. പിന്തുണയുമായി ആരും വന്നിട്ടില്ല. പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവംപോലെയാകും.
പാർട്ടി അംഗത്വം ഒഴിഞ്ഞു. പാർട്ടി വിട്ടു. പാർട്ടിക്കുള്ളിൽനിന്ന് പാർട്ടിയെ ചതിക്കുകയല്ല, പാർട്ടിയിൽനിന്ന് മാറികൊടുത്തു. ഞാൻ കാരണം പാർട്ടിക്ക് ഇനി തലവേദനയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘വിമർശനങ്ങൾക്ക് കീഴടങ്ങില്ല. പാർട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. എംഎൽഎയും മന്ത്രിയുമായി, ഇനി എന്താ അയാൾക്ക് വേണ്ടതെന്നാണ് ചിലർ ചോദിക്കുന്നത്. അത് കമ്മ്യൂണിസ്റ്റ് രീതിയല്ല. മരിക്കുന്നതുവരെ ലെനിൻ റഷ്യയിലെ ഭരണാധികാരിയായിരുന്നു. മാവോയും കാസ്ട്രോയും അധികാരത്തിലിരുന്നു. അവരോട് താഴെയിറങ്ങാൻ പറയുമോ?’’ഒരു പാർട്ടിയിലും ചേരാനില്ലെന്ന് സിപിഎം മുതിർന്ന നേതാവ് ജി സുധാകരൻ. പാർട്ടി പരിപാടിയും പ്രത്യയശാസ്‌ത്രവും ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് ജി സുധാകരൻ മാദ്ധ്യമങ്ങളെ കണ്ടത്.
‘എന്നെപ്പറ്റി പലതരത്തിലുള്ള വാർത്തകൾ പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു പ്രതിപക്ഷ പാർട്ടികളുമായും ഞാൻ സംസാരിച്ചിട്ടില്ല. മത്സരിക്കുമെന്ന് ഈ നിമിഷം വരെ ഞാൻ പറഞ്ഞിട്ടില്ല. വീട്ടിൽ വന്ന പാർട്ടിക്കാർ ആരും ഒരു ദൗത്യവുമായി വന്നതല്ല. അങ്ങനെയൊരു സാഹചര്യവുമില്ല. 15 വയസിൽ ഞാൻ പാർട്ടിയിൽ ചേർന്നതാണ്. 2002 വരെ ഞാൻ പൂർണസമയ പ്രവർത്തകനായിരുന്നു. ആരും നിർബന്ധിച്ചിട്ടല്ല ഞാൻ പാർട്ടിയിൽ ചേർന്നത്. ഇപ്പോൾ ഞാൻ മെമ്പർഷിപ്പ് പുതുക്കിയില്ല. അതും ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടിക്കുവേണ്ടി ജീവിച്ചയാളാണ് ഞാൻ. അതുകൊണ്ട് പാർട്ടിയെ അധിക്ഷേപിക്കില്ല. പാർട്ടി പരിപാടിയും പ്രത്യയശാസ്‌ത്രവും ഉപേക്ഷിച്ചിട്ടില്ല.
പാർട്ടിയിലെ പലരും എന്നെപ്പറ്റി പലതും പറയുന്നുണ്ട്. എന്റെ അച്ഛനെപ്പറ്റിപ്പോലും പറഞ്ഞു. ആയിരക്കണക്കിന് കുട്ടികൾക്ക് വിദ്യ പകർന്നുനൽകിയ വ്യക്തിയാണ് അദ്ദേഹം. ഞാൻ എന്റെ ബന്ധുക്കൾക്കുവേണ്ടി ഒന്നും ചെയ്‌തിട്ടില്ല. സാധാരണ ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിച്ചത്. ആയിരക്കണക്കിന് യുവാക്കൾക്ക് ജോലി നൽകി. അങ്ങനെയൊരാളെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയാണോ? ഇനിയും അത് തുടർന്നാൽ മാന്യമായി തിരിച്ചടിക്കും. പാർട്ടിക്കുവേണ്ടി ജയിലിൽക്കിടന്നു. ഒരുപാട് മർദനമേറ്റിട്ടുണ്ട്. അല്ലാതെ റോസാപ്പൂ വിരിച്ച പാതയിലൂടെയല്ല നടന്ന് ഇതുവരെയെത്തിയത് ‘ – ജി സുധാകരൻ പറഞ്ഞു.
നിലപാട് പരസ്യപ്പെടുത്തുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിൽ മാദ്ധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി ‘മീഡിയ ജി എസ് ഒഫീഷ്യൽ’ എന്ന വാട്സാപ്പ് ഗ്രൂപ്പ് കഴിഞ്ഞദിവസം സുധാകരൻ ആരംഭിച്ചിരുന്നു. വാർത്താസമ്മേളനം നടത്തുന്ന വിവരം ഗ്രൂപ്പ് വഴി അറിയിച്ചതിന് പിന്നാലെ അവസാനവട്ട അനുനയ ശ്രമമെന്ന നിലയിൽ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ, ജി സുധാകരനെ ഫോണിൽ ബന്ധപ്പെട്ടു. പാർട്ടിക്കൊപ്പം തുടരണമെന്ന അഭ്യർത്ഥന നടത്തിയിട്ടും, കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചിട്ടും സുധാകരൻ വഴങ്ങിയിരുന്നില്ല.

