തിരുവനന്തപുരം: ആദ്യത്തെ വോട്ട് മധുരത്തോടെയാവാം. തിരഞ്ഞെടുപ്പിൽ ആദ്യത്തെ തവണ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് ഹൽവ വിതരണം ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നത്. യുവാക്കൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമാകുന്നത് പ്രോത്സാഹിപ്പിക്കാനാണ് നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു.കേൽക്കർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് പോളിങ്ങിനു ശേഷം കന്നി വോട്ടർമാർക്ക് ഹൽവ നൽകുന്നത്.
ഇതിനാൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് പ്രമുഖ ബ്രാൻഡിന്റെ 200 ഹൽവ പായ്ക്കറ്റുകൾ നൽകും. ഏതു പോളിങ് ബൂത്തിൽ വിതരണം ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാരാണ് തീരുമാനിക്കുന്നത്. കന്നി വോട്ടർമാരാണെന്ന് പരിശോധിച്ചുറപ്പിച്ച് ഹൽവ വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം ബൂത്ത് ലെവൽ ഏജന്റുമാർക്കാണ്. ഹൽവ വിതരണത്തിന്റെ ചിത്രങ്ങളും വിഡിയോയും പകർത്തണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശിച്ചിട്ടുണ്ട്.

