ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നിർദിഷ്ട ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും മറ്റ് ‘ഒളിവിലുള്ള പ്രതികളെയും’ കൈമാറണമെന്ന ആവശ്യം ശക്തമാക്കി ബംഗ്ലാദേശ്. ഹസീനയെ ഇന്ത്യയിൽനിന്ന് കൈമാറുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ അനുകൂല സാഹചര്യം സൃഷ്ടിക്കാതെ താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനം സാധ്യമാകില്ലെന്ന സൂചനയാണ് ധാക്ക നൽകുന്നത്.
ഹസീനയുടെ ഡൽഹിയിലെ വെർച്വൽ ഇടപെടൽ ബംഗ്ലാദേശിലെ അന്തരീക്ഷം മോശമാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് എ.കെ.എം. ഷാഹിദുൽ കരീം പറഞ്ഞു. താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിന് “അനുകൂലമായ അന്തരീക്ഷം” സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുമായി നിലവിലുള്ള കൈമാറ്റ ഉടമ്പടി പ്രകാരം ഷെയ്ഖ് ഹസീനയെയും മറ്റ് ഒളിവിലുള്ള പ്രതികളെയും വേഗത്തിൽ കൈമാറാൻ നടപടിയെടുക്കണമെന്ന് ധാക്ക നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ രാഷ്ട്രീയ പ്രവർത്തകൻ ഷഹീദ് ഷരീഫ് ഒസ്മാൻ ഹാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടുപേരെയും ബംഗ്ലാദേശിന് കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ചിൽ പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബൊംഗാവിൽനിന്ന് ഇവരെ പൊലീസ് പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്തിരുന്നു.
താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഓഗസ്റ്റ് 20നും 25നും ഇടയിൽ നടക്കാനുള്ള സാധ്യതയുണ്ടെന്നാണ് നയതന്ത്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സന്ദർശന തീയതി സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ച തുടരുകയാണ്. എന്നാൽ ഇന്ത്യ–ബംഗ്ലാദേശ് ബന്ധത്തിൽ അടുത്തകാലത്ത് ഉടലെടുത്ത സംഘർഷങ്ങൾക്കിടയിൽ സന്ദർശനം ചില വിഷയങ്ങളിലെ ധാരണകളെ ആശ്രയിച്ചിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓഗസ്റ്റ് 10ന് ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേഷ് ത്രിവേദി ധാക്കയിൽ താരിഖ് റഹ്മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഓഗസ്റ്റ് 11ന് ത്രിവേദി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
2024 ഓഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭം സർക്കാരിനെതിരായ പ്രസ്ഥാനമായി മാറിയതിനെത്തുടർന്നാണ് ഷെയ്ഖ് ഹസീന അധികാരത്തിൽനിന്ന് പുറത്തായത്. തുടർന്ന് അവർ ഇന്ത്യയിലെത്തുകയായിരുന്നു. ഹസീനയുടെ കൈമാറ്റം ഇന്ത്യ–ബംഗ്ലാദേശ് ബന്ധത്തിലെ പ്രധാന തർക്കവിഷയമായി തുടരുകയാണ്.
