ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള കോൺസുലാർ സേവനങ്ങൾ, പ്രതിരോധ സഹകരണം, സാംസ്കാരിക വിനിമയം തുടങ്ങിയ മേഖലകളിൽ സുപ്രധാന നേട്ടങ്ങൾ ആഘോഷമാക്കി ബഹ്റൈനിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളുടെയും ചിത്രകാരന്മാരുടെയും പ്രതിനിധികളുമായി എംബസിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ് ഈ നേട്ടങ്ങൾ വ്യക്തമാക്കിയത്.ബഹ്റൈൻ മാളിൽ പുതിയ ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായതായി അംബാസഡർ അറിയിച്ചു. കഴിഞ്ഞ 15 വർഷത്തിനിടയിൽ ബഹ്റൈനിൽ ആരംഭിച്ച ഇത്തരത്തിലുള്ള ആദ്യത്തെ സജ്ജീകരണമാണിത് എന്നും അദ്ദേഹം അറിയിച്ചു.ബഹ്റൈൻ പൗരന്മാർക്കായി ഏർപ്പെടുത്തിയ ഇലക്ട്രോണിക് വിസ സംവിധാനത്തിന്റെ ഒന്നാം വാർഷികവും,എംബസിയുടെ സ്ഥിരം പ്രതിരോധ പ്രദർശനം മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നതായും അംബാസഡർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിലുള്ള കംബൈൻഡ് ടാസ്ക് ഫോഴ്സ് 154-ന്റെ പ്രവർത്തനങ്ങൾക്ക് ഫെബ്രുവരി മുതൽ ബഹ്റൈൻ വേദിയാകുന്നുണ്ട്. ദേശീയ വികസനത്തിൽ ഇന്ത്യൻ സായുധ സേനയുടെ പങ്ക് എടുത്തുപറയുന്നതാണ് നിലവിലെ പ്രദർശനം.ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ദീർഘകാല സൗഹൃദം ചിത്രകലയിലൂടെ അടയാളപ്പെടുത്തുന്ന വാർഷിക ചിത്രപ്രദർശനങ്ങൾ മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ വർഷത്തെ പരിപാടിയിൽ മൂന്ന് പ്രത്യേക പ്രദർശനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനകീയ ബന്ധങ്ങൾ, സാംസ്കാരിക കൈമാറ്റങ്ങൾ, പ്രതിരോധ സഹകരണം, മെച്ചപ്പെട്ട പൊതു സേവനങ്ങൾ എന്നിവയിലൂടെ ഇന്ത്യ-ബഹ്റൈൻ ബന്ധത്തിന്റെ ആഴവും വൈവിധ്യവുമാണ് ഈ നയപരമായ ഇടപെടലുകൾ വ്യക്തമാക്കുന്നതെന്ന് അംബാസഡർ കൂട്ടിച്ചേർത്തു.
