തിരുവനന്തപുരം: ഇഡിയെ ആക്രമിച്ച കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർ മ്യൂസിയം പൊലീസ് സ്റ്റേഷൻ വളപ്പിൽ ഓണം ഘോഷിച്ച സംഭവത്തിൽ ആറ് ഉദ്യോഗസ്ഥരെ എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. സംഭവത്തിൽ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നതിൽ വിശദമായ അന്വേഷണവും നടത്തും. ഇതിന്ശേഷമാകും എസ്എച്ച്ഒയ്ക്കെതിരെ നടപടി. പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചസംഭവിച്ചെന്ന് കാട്ടി സിറ്റി പൊലീസ് കമ്മിഷണർ ഉന്നതോദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷം പ്രതികളെ അപ്പോൾതന്നെ പറഞ്ഞുവിടുന്നതിൽ എസ്.എച്ച്.ഒയ്ക്കും മറ്റ് പൊലീസുകാർക്കും ഉത്തരവാദിത്വമുണ്ടായിരുന്നു. സ്റ്റേഷനിൽ ഓണം ആഘോഷിക്കാൻ ഒരുക്കിയിരുന്ന ഊഞ്ഞാൽ, ചെണ്ട എന്നിവ പ്രതികൾ ഉപയോഗിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. ഇതു തടയാനായില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർ ഡോ.അരുൾ ബി.കൃഷ്ണ ദക്ഷിണമേഖലാ ഐ.ജിക്ക് കൈമാറി. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പ്രതികൾക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചത്.
