പൂഞ്ഞാർ: പൂഞ്ഞാർ പയ്യാനിത്തോട്ടം വണ്ടൻപ്ലാവിൽ അതിഭയങ്കരമായ ഉരുൾപൊട്ടലിൽ വീട് പൂർണമായി തകർന്ന് അമ്മയും മകനും ദാരുണമായി മരിച്ച സംഭവത്തിൽ നടുക്കം വിടാതെ നാട്. പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂൾ ജീവനക്കാരി റെജീന, മകൻ ജോസഫൈൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ജോസഫൈനെ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് പ്ലാസ്റ്ററിട്ട കാൽ കണ്ണിൽപ്പെട്ടപ്പോഴാണ്. ബൈക്കപകടത്തിൽ കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ടു കിടപ്പിലായിരുന്ന ജോസഫൈന് അപകടസമയത്ത് രക്ഷപ്പെടാൻ സാധിച്ചിരുന്നില്ല. മണ്ണിൽ പൂർണമായും മൂടിപ്പോയ വീട്ടിൽ നിന്ന് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ഇന്നലെ പുലർച്ചെ 2.30-ഓടെയാണ് ദുരന്തം വിതച്ച് ഉരുൾ ഇരച്ചെത്തിയത്. വീടിന് അരക്കിലോമീറ്റർ മുകളിൽനിന്നു പൊട്ടിയിറങ്ങിയ മണ്ണും വെള്ളവും വീടിനു മുകളിലേക്ക് പതിയുകയായിരുന്നു.
മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മണ്ണിനടിയിൽ നിന്നും ജോസഫൈന്റെ പ്ലാസ്റ്ററിട്ട കാൽ രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അപകട ശേഷം വിശ്രമിച്ചിരുന്ന കട്ടിലിൽത്തന്നെയായിരുന്നു മൃതദേഹം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റിയുള്ള തിരച്ചിലിൽ അമ്മ റെജീനയുടെ മൃതദേഹവും കണ്ടെത്തി. അപകടസമയത്ത് റെജീനയും ജോസഫൈനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചികിത്സയിൽ കഴിയുന്ന സുഹൃത്തിന് കൂട്ടുകിടക്കാൻ പോയിരുന്നതിനാൽ ജോസഫൈന്റെ അച്ഛൻ എം.ജെ. ജോണി അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞ് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഹോദരിമാരായ ജോമിറ്റും സോമിറ്റും എറണാകുളത്തുള്ള ജോമിറ്റിന്റെ ഭർതൃഗ്രഹത്തിലായിരുന്നു. രണ്ടു വർഷം മുൻപാണ് ഇവർ വണ്ടൻപ്ലാവിൽ പുതിയ വീട് നിർമിച്ചത്. ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളജിലെ കന്റീൻ ജീവനക്കാരനാണ് മരിച്ച ജോസഫൈൻ. മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മോർച്ചറിയിലേക്ക് മാറ്റി.
