കെഎംസിസി സജ്ജം ക്യാമ്പ് സമാപിച്ചു

കെഎംസിസി സജ്ജം ക്യാമ്പ് സമാപിച്ചു


ആശയങ്ങളുടെ പുതുവസന്തം വിരിയിച്ചും നേതൃത്വത്തിന് പുതിയ പാഠങ്ങൾ പകർന്നും കെഎംസിസി ബഹ്‌റൈൻ സംഘടിപ്പിച്ച സജ്ജം ക്യാമ്പ് സമാപിച്ചു. നാളെയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന ചുവടുവെപ്പുകൾക്ക് പ്രാധാന്യം നൽകിയ ക്യാമ്പ് പ്രതിനിധികൾക്ക് നവ്യാനുഭവവും അറിവിന്റെ പുതിയ വാതായനങ്ങൾ തുറക്കുന്ന പഠനവേദിയുമായി മാറി.

പ്രഗത്ഭ പരിശീലകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. റാഷിദ് ഗസ്സാലിയുടെ പഠനാർഹമായ ക്ലാസ് പ്രതിനിധികളെ ഉത്തേജിപ്പിക്കാനും ചിന്തിപ്പിക്കാനും പുതിയ ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തനപഥത്തിൽ മുന്നേറാനും പ്രാപ്തരാക്കുന്നതായിരുന്നുസംഘടനാ പ്രവർത്തനങ്ങളെ കൂടുതൽ ക്രിയാത്മകവും കാര്യക്ഷമവുമാക്കുന്നതിനുള്ള പാഠങ്ങൾ പകർന്നുനൽകിയ ക്യാമ്പ് നേതൃനിരയ്ക്ക് നവോന്മേഷം പകരുന്നതായി.സംഘടനാ ചരിത്രത്തിൽ പുതിയൊരു അധ്യായം രചിച്ച സജ്ജം, പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനൊപ്പം ഭാവി നേതൃത്വത്തെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരാക്കുന്നതിനുള്ള വേദി കൂടിയായി. കേവലം ഒരു പരിശീലന ക്യാമ്പ് എന്നതിലുപരി, പുതിയ ചിന്തകൾക്കും ആശയങ്ങൾക്കും പ്രവർത്തന പദ്ധതികൾക്കും തുടക്കമിടുന്ന സംഗമമായി സജ്ജം ശ്രദ്ധേയമായി.

ഇത് ഒരു ക്യാമ്പിന്റെ പരിസമാപ്തിയല്ല; പുതിയ ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും തുടക്കമാണ്. പഠിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സജ്ജം, നാളെയുടെ വെല്ലുവിളികളെ നേരിടാൻ കെഎംസിസിയെ കൂടുതൽ സജ്ജമാക്കുന്ന അനുഭവമായി മാറി.കെഎംസിസിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ എന്നും ഓർമിക്കപ്പെടുന്ന ഒരധ്യായമായി മാറിയ ക്യാമ്പ് അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ രജിസ്റ്റർ ചെയ്ത കൗൺസിലർമാർക്കായാണ് സംഘടിപ്പിച്ചത്.

പ്രമുഖ പണ്ഡിതനും സമസ്ത ബഹ്‌റൈൻ പ്രസിഡന്റുമായ സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്തു. കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സ്വാഗതവും സംസ്ഥാന ട്രഷറർ കെ. പി. മുസ്തഫ നന്ദിയും പറഞ്ഞു. വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ ആശംസകൾ നേർന്നു.

സംഘടനാ മികവോടെ ക്യാമ്പിന് നേതൃത്വം നൽകിയ ഡയറക്ടർ ഫൈസൽ കോട്ടപ്പള്ളി ക്യാമ്പിന്റെ നിർദേശങ്ങൾ പ്രതിനിധികൾക്ക് കൈമാറി. കോർഡിനേറ്റർമാരായ റഫീഖ് തോട്ടക്കര,
സഹീർ കാട്ടാമ്പള്ളി അഷ്‌റഫ് കാട്ടിൽപീടിക, ഫൈസൽ കണ്ടിതാഴ, എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.മുൻ സംസ്ഥാന പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ഷാഫി പറക്കട്ട, എ. പി. ഫൈസൽ, സലീം തളങ്കര എൻ. കെ. അബ്ദുൽ അസീസ്, അഷ്‌റഫ് കക്കണ്ടി, എസ് കെ നാസ്സർ, എന്നിവർ ക്യാമ്പിന്റെ സംഘാടനത്തിലും നേതൃത്വത്തിലും സജീവ പങ്കാളികളായി.

ക്യാമ്പിനിടയിൽ നടന്ന ഹലിം വടകരയുടെ ഗസൽ സന്ധ്യ വിനോദത്തിനും മാനസിക ഉല്ലാസത്തിനുമുള്ള മനോഹരമായ അവസരമായി. ഗൗരവമേറിയ പഠന സെഷനുകൾക്കൊപ്പം സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും നിമിഷങ്ങൾ കൂടി സമ്മാനിച്ച സജ്ജം26 പ്രതിനിധികളുടെ മനസ്സിൽ മായാത്ത ഓർമയായി.

Leave A Comment