കെപിസിസി മുൻ അധ്യക്ഷന്മാരോട് ഡൽഹിയിലെത്താൻ രാഹുൽ ഗാന്ധിയുടെ നിർദേശം

  • Home-FINAL
  • Business & Strategy
  • കെപിസിസി മുൻ അധ്യക്ഷന്മാരോട് ഡൽഹിയിലെത്താൻ രാഹുൽ ഗാന്ധിയുടെ നിർദേശം

കെപിസിസി മുൻ അധ്യക്ഷന്മാരോട് ഡൽഹിയിലെത്താൻ രാഹുൽ ഗാന്ധിയുടെ നിർദേശം


ന്യൂഡൽഹി: കെപിസിസി മുൻ അധ്യക്ഷന്മാരോട് ഡൽഹിയിലെത്താൻ രാഹുൽ ഗാന്ധിയുടെ നിർദേശം. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അഭിപ്രായം ആരായാനാണ് മുതിർന്ന നേതാക്കളെ വിളിപ്പിച്ചതെന്നാണ് വിവരം. കെ.സുധാകരൻ, കെ. മുരളീധരൻ, വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയും മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെയുമാണ് ഡൽഹിയിലേക്ക് വിളിച്ചത്. ഇവർ ഇന്നുതന്നെ ഡൽഹിക്ക് പുറപ്പെടും. ഫോണിലൂടെ നിലപാടറിയിക്കാമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചിട്ടുണ്ട്. വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ എന്നിവരും ഡൽഹിയിലെത്തണമെന്നും നിർദ്ദേശുണ്ട്‌.

അതിനിടെ, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തി. ഘടകകക്ഷി നേതാക്കളുമായും അദ്ദേഹം സംസാരിച്ചേക്കും. എന്നാൽ മുഖ്യമന്ത്രിയാരെന്ന തീരുമാനം ഇന്നുണ്ടാവില്ലെന്നു തന്നെയാണ് സൂചന. തീരുമാനമെടുക്കുന്നതിനു മുൻപ് കേരളത്തിലെ മറ്റ് മുതിർന്ന നേതാക്കളുമായും ഹൈക്കമാൻഡ് ചർച്ച നടത്തും.

മുഖ്യമന്ത്രി മോഹം സൂക്ഷിക്കുന്ന സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവർക്ക് ഒരുപോലെ തൃപ്തികരമാകുന്ന ഫോർമുല കണ്ടെത്താൻ കഴിയാത്തതാണ്‌ ഹൈക്കമാൻഡിനെ കുഴയ്ക്കുന്നത്. തീരുമാനത്തിന് രണ്ടുദിവസമെങ്കിലും എടുക്കുമെന്നാണു സൂചന.എംഎൽഎമാരുടെ പിന്തുണയോ ജനകീയ പിന്തുണയോ എന്ന തർക്കത്തിൽ തട്ടിയാണ് ഹൈക്കമാൻഡ് തീരുമാനം വൈകുന്നത്. പ്രഖ്യാപനത്തിനു മുൻപു തങ്ങളെ വിശ്വാസത്തിലെടുക്കാൻ ശ്രമിച്ചേക്കാം എന്നല്ലാതെ കൂടുതൽ ചർച്ചകൾ ഇനിയുമുണ്ടാകുമെന്നു മൂന്നു നേതാക്കന്മാരും കരുതുന്നില്ല.

Leave A Comment