സമൂഹത്തിൽ സമാധാനം തകർക്കുന്ന ഏതൊരു ശ്രമത്തിനെതിരെയും ശക്തമായ നടപടി ഉണ്ടാകുമെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറുമായും, വിലായത്ത് അൽ ഫഖീഹ് പ്രത്യയശാസ്ത്രവുമായും ബന്ധപ്പെട്ട സംഘടനയിൽ കോടതി വിധി പ്രകാരം പിരിച്ചുവിട്ട ഇസ്ലാമിക് സ്‌കോളേഴ്‌സ് കൗൺസിലിലെ അംഗങ്ങളും അവരുടെ അനുബന്ധ സ്ഥാപനങ്ങളും ഉൾപ്പെട്ടിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്റൈനിൽ സംഘടനയിലെ 41 അംഗങ്ങളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ ആസ്ഥാനമായുള്ള മറ്റ് പതിനൊന്ന് അംഗങ്ങൾ ഐആർജിസിക്കും രാജ്യത്തിലെ സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തകർക്കും ഇടയിൽ ഇടനിലക്കാരായി പ്രവർത്തിച്ചതായും തിരിച്ചറിഞ്ഞിട്ടുണ്ട്.രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള ഏതൊരു ഭീഷണിയെയും ചെറുക്കുന്നത് തുടരുമെന്നും ബഹ്റൈൻ സമൂഹത്തിനുള്ളിൽ സിവിൽ സമാധാനം തകർക്കുന്നതിനോ ഭിന്നതയ്ക്കും പ്രേരിപ്പിക്കുന്നതിനോ ഉള്ള ഏതൊരു ശ്രമത്തിനെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

