തിരുവനന്തപുരം: വരുന്ന അദ്ധ്യയന വർഷം മുതൽ എൽഎൽബി പ്രവേശന പരീക്ഷകൾ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയിൽ നടത്താൻ സർക്കാർ അനുമതി നൽകി. വിദ്യാർത്ഥികളുടെ ആവശ്യവും മാതൃഭാഷാ നയവും മുൻനിർത്തിയാണ് മാറ്റം. എൽഎൽബി പ്രവേശന പരീക്ഷാ ചോദ്യങ്ങൾ മലയാളത്തിൽക്കൂടി ലഭ്യമാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ നൽകിയ നിർദേശത്തെ തുടർന്നാണ് ഈ നിർണ്ണായക തീരുമാനം. മലയാളം ഐക്യ വേദി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിഷയത്തിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചുകൊണ്ടാണ് പരീക്ഷ മലയാളത്തിലും ലഭ്യമാക്കാൻ തീരുമാനിച്ചത്. ചോദ്യപേപ്പർ വിവർത്തനം ചെയ്യുന്നതിലെ കൃത്യത ഉറപ്പാക്കുന്നതിനും പരീക്ഷയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനുമായി നിയമപരിജ്ഞാനമുള്ള വിദഗ്ധരുടെ പാനൽ തയ്യാറാക്കുക, ആധുനിക സോഫ്റ്റ്വെയർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ പരിഗണിച്ച് കുറ്റമറ്റ രീതിയിലാകും പ്രവേശന പരീക്ഷ നടത്തുക. വിവർത്തനത്തിൽ എന്തെങ്കിലും അർത്ഥവ്യത്യാസമോ ആശയക്കുഴപ്പമോ ഉണ്ടായാൽ ഇംഗ്ലീഷ് ചോദ്യമായിരിക്കും അന്തിമമായി പരിഗണിക്കുയെന്ന വ്യവസ്ഥയും പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തും.
പരീക്ഷ മലയാളത്തിൽ കൂടി എഴുതാൻ അവസരമൊരുങ്ങുന്നത് നിയമപഠനം ആഗ്രഹിക്കുന്ന മലയാളികളായ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകും. പ്രവേശന പരീക്ഷയുടെ ഗുണനിലവാരം ചോരാതെ കൂടുതൽ വിദ്യാർത്ഥി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യപേപ്പർ ദ്വിഭാഷാ രീതിയിലേക്ക് മാറ്റുന്നത്.
