കോട്ടയം: ആശുപത്രി പരിസരത്ത് കൊടിയും ബാനറും കെട്ടിയുള്ള പൊതിച്ചോർ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രസ്താവന തള്ളി ഡിവൈഎഫ്ഐ. പൊതിച്ചോർ വിതരണം ഇനിയും തുടരുമെന്ന് ഡിവൈഎഫ്ഐ നേതാവ് ഡോ. ജെ. എസ്. ഷിജുഖാൻ പറഞ്ഞു. മുരളീധരന്റെ അനുമതി വാങ്ങിയല്ല പൊതിച്ചോർ വിതരണം ആരംഭിച്ചതെന്നും ബാനർ കെട്ടിയത് കേരളത്തിന്റെ പൊതുസ്വത്തായ മെഡിക്കൽ കോളജിലാണെന്നും ഷിജുഖാൻ പാർട്ടി പരിപാടിയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന പരിപാടിയിലാണ് ബാനർ കെട്ടിയുള്ള പൊതിച്ചോർ വിതരണം നിർത്തുമെന്ന് മന്ത്രി വ്യക്തമാക്കിയത്. ഇതിനു പകരമായി കമ്യൂണിറ്റി കിച്ചനുകൾ ആശുപത്രിയിൽ ആരംഭിക്കുമെന്നും ആർക്കുവേണമെങ്കിലും ഇതിലേക്ക് സഹായിക്കാമെന്നും മന്ത്രി പറഞ്ഞു. അതേസമയം മന്ത്രിയുടെ ആശയം ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം തന്നെ തള്ളിയിരുന്നു. ജനങ്ങൾ സ്വീകരിക്കുന്ന കാലത്തോളം പൊതിച്ചോറ് വിതരണം ചെയ്യുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എംഎൽഎ പറഞ്ഞു.
മന്ത്രിമാർ ഈഗോ ഒഴിവാക്കണമെന്നാണ് വിഷയത്തിൽ പ്രതികരിച്ച സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടത്. വീടുകളിൽ നിന്ന് ശേഖരിച്ച് ഡിവൈഎഫ്ഐ നൽകുന്ന പൊതിച്ചോർ വിതരണത്തെ ശത്രുതയോടെ എന്തിനാണ് കാണുന്നതെന്നും ആരോഗ്യ മന്ത്രി ഡിവൈഎഫ്ഐയുമായി ചർച്ചയ്ക്ക് തയാറാകണമെന്നും പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആശുപത്രിയിലെ പൊതിച്ചോർ വിതരണം തടയരുതെന്നും അന്നം മുടക്കരുതെന്നും സിപിഎം നേതാവ് എം. സ്വരാജും അഭിപ്രായപ്പെട്ടു.
അതേസമയം പൊതിച്ചോർ വിഷയത്തിൽ മന്ത്രിയെ വിമർശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രനും രംഗത്തെത്തി. സർക്കാരിന്റെ കമ്യൂണിറ്റി കിച്ചൻ നടക്കില്ലെന്നും സംഘടനകളുടെ പൊതിച്ചോർ വിതരണത്തെ എതിർക്കേണ്ടതില്ലെന്നുമാണ് അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചത്. പൊതിച്ചോർ വിഷയം ചൂടേറിയ ചർച്ചയായതോടെ ഇന്ന് മാധ്യമങ്ങളെ കണ്ട മന്ത്രി കെ. മുരളീധരൻ തന്റെ നിലപാട് വീണ്ടും ആവർത്തിച്ചു. ആശുപത്രിക്കുള്ളിൽ രാഷ്ട്രീയം വേണ്ടെന്നും പുറത്ത് ഭക്ഷണം വിതരണം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഇത് യുഡിഎഫ് സർക്കാരിന്റെ നിലപാടാണെന്നും മന്ത്രി വ്യക്തമാക്കി.
