തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ ഭോസ്‌ലെ കേരളത്തിൽ വിവാഹിതയാകുന്നു. കാമുകൻ ഫർമാൻ ഖാനൊപ്പം തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയതിന് പിന്നാലെയാണ് വിവാഹം. അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം. ഒന്നര വർഷം മുൻപ് സമൂഹമാധ്യമത്തിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണലീസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫർമാൻ ഖാൻ. ഇരുവരും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു.
പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നതായി മൊണാലിസ പൊലീസിനോട് പറഞ്ഞു. അതിനാലാണ് സഹായംതേടി പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതോടെയാണ് ഇരുവരും കേരളത്തിലേക്ക് എത്താൻ തീരുമാനിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് കേരളം തിരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞു. പൂവാറിൽ സിനിമ ഷൂട്ടിങിനായി എത്തിയപ്പോഴാണ് താരം പോലീസ് സ്റ്റേഷനിലേയ്ക്ക് എത്തിയത്. പെൺകുട്ടിയുടെ പരാതിയിൽ തമ്പാനൂർ പോലീസ് പിതാവ് ജയ് സിങ് ഭോസ്ലെയെയും സിനിമാ സംഘത്തേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഫർമാനൊപ്പം ജീവിക്കാനുള്ള ആഗ്രഹം പെൺകുട്ടി പോലീസിന് മുന്നിൽ വെളിപ്പെടുത്തി. വിവാഹത്തിന് ആശംസകൾ അർപ്പിക്കാനായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്‌റ്റർ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എന്നിവർ എത്തി. ഇതാണ് റിയൽ കേരള സ്‌റ്റോറിയെന്നും സ്വതന്ത്രമായി ജീവിക്കാൻ ഏറ്റവും സൗഹാർദപരമായ അന്തരീക്ഷമാണ് കേരളത്തിലേതെന്നും മന്ത്രി പറഞ്ഞു.

