തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിപി റാങ്കിലേക്കുള്ള ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം പൂർത്തിയായതോടെ, അടുത്ത പൊലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടികൾക്ക് വഴിയൊരുങ്ങി. നിലവിലെ പൊലീസ് മേധാവി റാവാഡ എ. ചന്ദ്രശേഖർ വരുന്ന ജനുവരി 30-ന് വിരമിക്കുമ്പോൾ പകരക്കാരനായി യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം, എസ്. ശ്രീജിത് എന്നിവരിലൊരാൾ എത്താനാണ് സാധ്യത. നിലവിൽ ബവ്കോ സിഎംഡിയായ യോഗേഷ് ഗുപ്തയ്ക്ക് മുൻഗണനാ പട്ടികയിൽ ഏറ്റവും സീനിയറാണ്. 2030 ഏപ്രിൽ വരെ സർവീസ് കാലാവധിയുണ്ട്. നിലവിൽ വിജിലൻസ് മേധാവിയായ മനോജ് എബ്രഹാം സീനിയോറിറ്റിയിൽ രണ്ടാമതാണ്. ഡിജിപി റാങ്കിലുള്ള എസ്. ശ്രീജിത്ത് 2028-ൽ വിരമിക്കും. കഴിഞ്ഞ ദിവസം സ്ഥാനക്കയറ്റം ലഭിച്ച സുരേഷ് രാജ് പുരോഹിത് അടുത്ത വർഷം സർവീസിൽ നിന്ന് വിരമിക്കും. സസ്പെൻഷനിലുള്ള അജിത്കുമാറിനെതിരായ വകുപ്പുതല അന്വേഷണം ഉടൻ ആരംഭിക്കും. കുറ്റവിമുക്തനായാൽ സർവീസിൽ തിരിച്ചെത്താനും വരുന്ന ജൂണിൽ ഡിജിപി റാങ്കിലേക്ക് ഉയർത്തപ്പെടാനും സാധ്യതയുണ്ട്. 2028 ജനുവരി വരെയാണ് ഇദ്ദേഹത്തിന് സർവീസുള്ളത്. അജിത്കുമാറിന്റെ സസ്പെൻഷൻ നീളുകയാണെങ്കിൽ എൻഐഎയിൽ സേവനമനുഷ്ഠിക്കുന്ന വിജയ് സാഖറെയ്ക്ക് ഡിജിപി റാങ്ക് ലഭിക്കും. 2030 വരെയാണ് സാഖറെയുടെ സർവീസ്.
30 വർഷത്തിലധികം സർവീസ് പരിചയമുള്ള ഡിജിപി റാങ്കിലുള്ളവരുടെ പേരുകൾ സംസ്ഥാന സർക്കാർ കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷന്ക മാറും ലഭിച്ച പേരുകൾ പരിശോധിച്ച് മൂന്ന് ഉദ്യോഗസ്ഥരുടെ ചുരുക്കപ്പട്ടിക യുപിഎസ്സി സംസ്ഥാനത്തിന് തിരിച്ചയയ്ക്കും. ഇതിൽ നിന്നാണ് സംസ്ഥാന സർക്കാർ പുതിയ പൊലീസ് മേധാവിയെ തീരുമാനിക്കുക. ചീഫ് സെക്രട്ടറിയെ നിയമിച്ചപ്പോൾ ഐഎഎസ് ഉദ്യോഗസ്ഥരുടെ സീനിയോറിറ്റിയാണ് സർക്കാർ പരിഗണിച്ചത്. ഇതേ രീതി ഐപിഎസ്സിലും തുടർന്നാൽ യോഗേഷ് ഗുപ്ത അടുത്ത പൊലീസ് മേധാവിയാകും. യോഗേഷ് ഗുപ്ത ചുമതലയേറ്റാലും 2030-ൽ അദ്ദേഹം വിരമിക്കുമ്പോൾ ഏറ്റവും സീനിയറായ മനോജ് ഏബ്രഹാമിന് പൊലീസ് മേധാവിയാകാൻ 2 വർഷത്തെ കാലാവധി വീണ്ടും ലഭിക്കും.
