തിരുവനന്തപുരം: മകൻ ജീവനൊടുക്കി മൂന്നു മാസം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ലെന്ന് കാട്ടി മുഖ്യമന്ത്രി വി.ഡി.സതീശന്റെ മുന്നിൽ പൊട്ടിക്കരഞ്ഞ് അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ അമ്മ സി.ആർ.ലത. നിലവിലെ അന്വേഷണസംഘത്തിന്റെ അലംഭാവം മൂലമാണ് ഒന്നാം പ്രതിയായ ഡോക്ടർ റാമിനെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതെന്നും അന്വേഷണ സംഘത്തെ മാറ്റണമെന്നും ആവശ്യപ്പെട്ടാണ് നിതിൻ രാജിന്റെ പിതാവ് വൈ.രാജനും അമ്മ ലതയും മുഖ്യമന്ത്രിയെ കണ്ടത്.
കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ അമ്മയെ കൈചേർത്തു പിടിച്ച് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, സണ്ണി കപിക്കാട് എന്നിവർക്കൊപ്പമാണ് നിതിൻ രാജിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണാനെത്തിയത്. ഇവർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തും. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിൽ സമർഥരായ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിട്ടും ഇതുവരെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല.
Video Player is loading.
Current Time 0:00
Duration 1:24
Loaded: 37.94%
Remaining Time 1:24
തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്തുവീട്ടിൽ വൈ. രാജൻ-സി.ആർ. ലത ദമ്പതികളുടെ മകൻ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് കോളജ് കെട്ടിടത്തിൽ നിന്നു വീണ് മരിച്ചത്. നിതിന്റെ മരണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന കോളജ് ഇപ്പോൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഡോ. റാം നടത്തിയ ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം, ലോൺ ആപ്പ് ഇടപാടുകാരുടെ ഭീഷണിയും നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് കാരണമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നോയിഡയിൽ വച്ച് അന്വേഷണ സംഘം ലോൺ ആപ്പ് ഇടപാടുകാരെ അറസ്റ്റ് ചെയ്തിരുന്നു.
