ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി എൻ.ഡി.എ. സർക്കാരിന്റെ പരിഗണനയിലില്ലെന്ന് സൂചന. അത് ഉത്തരവാദിത്വങ്ങളിൽനിന്നുള്ള ഒളിച്ചോട്ടമാണെന്നും ജനവിധി അനുസരിച്ച് ചുമതല പൂർത്തിയാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും എൻ.ഡി.എ. ഉന്നതവൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ധർമേന്ദ്ര പ്രധാന്റെ രാജി എന്ന സമരക്കാരുടെ ആവശ്യത്തിൽ നാളെ ഉച്ചയോടെ തീരുമാനം അറിയിക്കാമെന്നാണ് ഇന്നത്തെ കൂടിക്കാഴ്ചയിൽ സിജെപി നേതാക്കളെ കേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ, രാജി എന്ന തീരുമാനം ഉണ്ടാകില്ലെന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, മരിച്ച വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധക്കാർക്കെതിരായ എഫ്ഐആർ പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് ഇന്നത്തെ ചർച്ചയിൽ സിജെപി പ്രതിനിധികൾ കേന്ദ്രത്തിനുമുന്നിൽ വെച്ചത്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര് പ്രധാന്റെ രാജി സംബന്ധിച്ച് വ്യക്തമായ തീരുമാനം സർക്കാർ അറിയിച്ചില്ല. മറ്റു രണ്ട് കാര്യങ്ങളിലും അനുകൂല സമീപനമാണ് സർക്കാർ സ്വീകരിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് തീരുമാനം അറിയിക്കാമെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയത്.
വിദ്യാഭ്യാസമന്ത്രിയുടെ രാജിയില്ലാതെ പ്രതിഷേധം നിർത്തില്ലെന്ന നിലപാടിലാണ് സി.ജെ.പി. ധർമേന്ദ്ര പ്രധാന്റെ രാജി പ്രധാനമന്ത്രി എഴുതി വാങ്ങണമെന്നും ഇല്ലെങ്കിൽ യുവാക്കൾ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്നും സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് മൂന്നാംവട്ട സി.ജെ.പി.-കേന്ദ്ര സർക്കാർ ചർച്ച.
