പ്രതിപക്ഷ നേതൃപദം: പിണറായി മാറണമെന്ന് അവെയ്‌ലബിൾ പിബി; ആ വോട്ടിൽ തീരുമാനം മാറി

  • Home-FINAL
  • Business & Strategy
  • പ്രതിപക്ഷ നേതൃപദം: പിണറായി മാറണമെന്ന് അവെയ്‌ലബിൾ പിബി; ആ വോട്ടിൽ തീരുമാനം മാറി

പ്രതിപക്ഷ നേതൃപദം: പിണറായി മാറണമെന്ന് അവെയ്‌ലബിൾ പിബി; ആ വോട്ടിൽ തീരുമാനം മാറി


ന്യൂഡൽഹി: പിണറായി വിജയൻ പ്രതിപക്ഷനേതാവാകട്ടെ എന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശുപാർശ സിപിഎമ്മിന്റെ അവെയ്‌ലബിൾ പൊളിറ്റ്ബ്യുറോ (പിബി) തള്ളിയിരുന്നെന്ന്‌ റിപ്പോർട്ട്‌. തുടർന്ന് ഓൺലൈനായി പൂർണ പിബി വിളിച്ചാണ് ശുപാർശ പാസാക്കിയെടുത്തത്; അതും 3 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിന്. മലയാളികളായ എം.എ.ബേബി, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവരുടെയും തന്റെ തന്നെയും വോട്ടില്ലായിരുന്നുവെങ്കിൽ പിണറായിക്കു പ്രതിപക്ഷനേതാവാകാൻ സാധിക്കില്ലായിരുന്നു. പിബിയിലെ 18 അംഗങ്ങളിൽ യു.വാസുകി ഓൺലൈൻ യോഗത്തിൽ പങ്കെടുത്തില്ല. 10 പേർ പിണറായി തുടരട്ടെയെന്ന് അഭിപ്രായപ്പെട്ടു. ഇപ്പോൾ 7 പേർ എതിർത്തു. തിരഞ്ഞെടുപ്പു തോൽവി ചർച്ച ചെയ്ത കഴിഞ്ഞ പിബിയിൽ പിണറായിയും എം.വി.ഗോവിന്ദനും നിരത്തിയ ന്യായവാദങ്ങളെ നിശിതമായി വിമർശിച്ച ബംഗാൾ ഘടകത്തിലെ അംഗങ്ങൾ ഇക്കുറി പിണറായി തുടരട്ടെയെന്ന നിലപാടിനോടു യോജിച്ചത് കൗതുകമായി. കേരളത്തിൽനിന്നുള്ളവർക്കു പുറമേ തപൻ സെൻ, മുഹമ്മദ് സലിം, രാമചന്ദ്ര ഡോം, കെ.ബാലകൃഷ്ണൻ, അമ്രാറാം, ശ്രീദീപ് ഭട്ടാചാര്യ എന്നിവർ പിണറായിയെ പിന്തുണച്ചു. വിജുകൃഷ്ണന്‌ പുറമേ, ബി.വി. രാഘവലു, നീലോൽപൽ ബസു, അശോക് ധാവ്‌ളെ, ജിതേൻ ചൗധരി, മറിയം ധാവ്‌ളെ, ആർ.അരുൺകുമാർ എന്നിവർ എതിർത്തു.

റിപ്പോർട്ട് കേന്ദ്ര കമ്മിറ്റിയിലേക്ക് സിപിഎം ജില്ലാ കമ്മിറ്റികളിലെ ചർച്ചകളിൽ പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ ഉയരുന്ന നിശിത വിമർശനം 22 മുതൽ 24 വരെ ചേരുന്ന കേന്ദ്ര കമ്മിറ്റിയുടെ മുൻപാകെയെത്തും. അംഗങ്ങൾക്കു തുറന്നു സംസാരിക്കാൻ അവസരം നൽകണമെന്നും നേതാക്കൾ ആരെയും തടയരുതെന്നുമാണു ദേശീയ നേതൃത്വത്തിന്റെ നിർദേശം. ഇവയെല്ലാം ക്രോഡീകരിച്ചുള്ള റിപ്പോർട്ടാകും കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കുക. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു തന്നെ താനുൾപ്പെടെയുള്ളവരുടെ വീഴ്ചകളെക്കുറിച്ചുള്ള വിമർശനം അടങ്ങുന്ന റിപ്പോർട്ട് അവതരിപ്പിക്കേണ്ടി വരും.

Leave A Comment