കൊച്ചി:സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തു. കേസിൽ അന്തിമവാദം കേൾക്കുന്നതു വരെ സിംഗിൾ ബെഞ്ച് ഉത്തരവും എഫ്ഐആർ അനുസരിച്ചുള്ള അന്വേഷണവും ജസ്റ്റിസുമാരായ കെ.നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ചെയ്തത്. പിണറായി വിജയനു പുറമേ മകൾ ടി.വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് എംഎൽഎ, സുഹൃത്ത് കെ.വാരിസ് എന്നിവരുടെ അപ്പീലുകളാണ് ഡിവിഷൻ ബെഞ്ചിനു മുൻപാകെയുള്ളത്.
പ്രാഥമിക അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരിക്കേ, എക്സിക്യൂട്ടീവിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും ചുമതലകളിലേക്ക് കടന്നുകയറി കേസിലെ മെറിറ്റ് പരിഗണിക്കാതെയും ഭാഗം കേൾക്കാതെയുമാണ് സിംഗിൾ ബെഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതെന്ന് ഹർജിക്കാർ വാദിച്ചു.
അഴിമതി നിരോധന നിയമപ്രകാരമുള്ള യാതൊരുവിധ ഗുരുതര കുറ്റകൃത്യങ്ങളും ഇവിടെ വെളിപ്പെട്ടിട്ടില്ലെന്നും വ്യക്തമായ തെളിവുകളോ ആരോപണങ്ങളോ ഇല്ലാതെ വെറും വാമൊഴി ആരോപണങ്ങളുടെ മാത്രം പേരിൽ പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും വാദത്തിൽ ഹർജിക്കാർ പറഞ്ഞു.
എക്സിക്യൂട്ടീവ് നിർദേശപ്രകാരമല്ലാതെയും എസ്എഫ്ഐഒയുടെ അന്വേഷണപരിധിയെ തടസ്സപ്പെടുത്തിയുമാണ് സിംഗിൾ ബെഞ്ച് എഫ്ഐആർ നിർദേശം പുറപ്പെടുവിച്ചതെന്നും അതിനാൽ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടുകയും പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നതാണെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ രണ്ടു ദിവസത്തിനകം സിംഗിൾ ബെഞ്ച് ഇടപെടുകയും പൊലീസിന് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ നിർദേശം നൽകുകയുമായിരുന്നു. സുപ്രീം കോടതി സ്റ്റേ ഉത്തരവുള്ളതിനാൽ അന്വേഷണം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണെന്നും കോടതി അനുമതി നൽകുകയാണെങ്കിൽ അന്വേഷണം തുടരാൻ തയാറാണെന്നും എ.ജി വ്യക്തമാക്കി. അതേ സമയം, കമ്പനി നിയമത്തിലെ സെക്ഷൻ 212 (17) പ്രകാരം ഇ.ഡി ശേഖരിച്ച വിവരങ്ങൾ പൊലീസുമായി പങ്കുവയ്ക്കാനും എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും നിയമപരമായ വ്യവസ്ഥയുണ്ടെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ വാദിച്ചു. അതിനാൽ സിംഗിൾ ബെഞ്ച് ഉത്തരവിൽ തെറ്റില്ലെന്നും തുടർന്ന് ഇ.ഡി, ഇസിഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
തനിക്ക് ഹർജി നൽകാൻ നിയമപരമായ അവകാശമുണ്ടെന്നാണ് സിംഗിൾ ബെഞ്ചിനെ ഹർജിയുമായി സമീപിച്ച കെ.എം.ഷാജഹാൻ വാദിച്ചത്. വിവിധ സുപ്രീം കോടതി വിധികൾ ചൂണ്ടിക്കാട്ടി പിണറായി അടക്കമുള്ളവരുടെ അപ്പീലുകൾ തള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് വിഷയം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി കോടതി നാല് അപ്പീലുകളും ഫയലിൽ സ്വീകരിച്ചത്.
