കൊച്ചി: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ മമ്മൂട്ടിയെ വിളിച്ച് അനുഗ്രഹം വാങ്ങിയെന്ന് രമേഷ് പിഷാരടി. എല്ലാകാര്യങ്ങളിലും തനിക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാറുള്ള വ്യക്തിയാണ് മമ്മൂട്ടി. ദിവസേനയെന്നോണം അദ്ദേഹവുമായി ആശയവിനിമയം നടത്താറുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി നടൻ പറഞ്ഞു. മമ്മൂട്ടിയുടെ സന്തതസഹചാരി എന്ന് രമേഷ് പിഷാരടിയെ വിശേഷിപ്പിക്കാറുള്ള പശ്ചാത്തലത്തിലായിരുന്നു ചോദ്യം.
‘ഞാൻ ഇറങ്ങുന്നത് മുമ്പും മമ്മൂക്ക വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. എല്ലാദിവസവും ആശയവിനിമയം നടത്തുന്ന ഒരാളാണ്. രാഷ്ട്രീയപരമായ കാര്യങ്ങളിൽ ഞാൻ ഒരുപക്ഷേ ഏറ്റവും കൂടുതൽ ചർച്ചകൾ ചെയ്തതും ആശയസംവാദം ചെയ്തതും മമ്മൂക്കയെന്ന് പറയുന്ന ഒരാളുമായാണ്. എത്രയോ മുഖ്യമന്ത്രിമാരെ അടുത്ത് പരിചയമുള്ള, കഴിഞ്ഞ കുറേ നാളുകളിൽ സജീവമായി ഇവിടെ നിന്നിട്ടുള്ള ഒരാളാണ്. എല്ലാകാര്യങ്ങളിലും എനിക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാറുണ്ട്. എതിരഭിപ്രായങ്ങളാണെങ്കിൽ അതും പങ്കുവെക്കാറുണ്ട്’, രമേഷ് പിഷാരടി പറഞ്ഞു.
ചലച്ചിത്രമേഖലയിൽനിന്ന് നിർബന്ധിച്ച് ആരേയും പ്രചാരണത്തിന് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും വിജയിച്ചാൽ മമ്മൂട്ടിയെ ഉറപ്പായും ഇവിടെ കൊണ്ടുവരുമെന്നും സിനിമയിൽ താൻ സജീവമല്ലെന്നും അത്രയും പടങ്ങൾ താൻ ചെയ്യുന്നില്ലെന്നും ടെലിവിഷനിലും വേദിയിലുമാണ് കൂടുതലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

