സമരമുഖത്ത് രാഹുലിനൊപ്പം സതീശനും ഡികെയും; കസ്‌റ്റഡിയിലെ‌ടുക്കാൻ നീക്കം

  • Home-FINAL
  • Business & Strategy
  • സമരമുഖത്ത് രാഹുലിനൊപ്പം സതീശനും ഡികെയും; കസ്‌റ്റഡിയിലെ‌ടുക്കാൻ നീക്കം

സമരമുഖത്ത് രാഹുലിനൊപ്പം സതീശനും ഡികെയും; കസ്‌റ്റഡിയിലെ‌ടുക്കാൻ നീക്കം


ന്യൂഡൽഹി: സിജെപി ജന്തർമന്തറിൽ നടത്തിവരുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം രാജ്യതലസ്ഥാനത്തെ കലുഷിതമാക്കി. അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം തിരിഞ്ഞതോടെ, നേതാക്കളെ അടക്കം ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാനാണ് ഡൽഹി പൊലീസ് ആദ്യം മുതിർന്നത്. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് അടക്കമുള്ള നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. എന്നാൽ, ജനപ്രതിനിധികളെയും പ്രമുഖ നേതാക്കളെയും തുടർന്നും ഇത്തരത്തിൽ കൈകാര്യം ചെയ്താൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്ന് കേന്ദ്രം തിരിച്ചറിഞ്ഞു. ഇതോടെ കേന്ദ്ര സർക്കാർ അനുരഞ്ജന പാതയിലേക്ക് നീങ്ങുകയായിരുന്നു. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെയും മുഴുവൻ കോൺഗ്രസ് എംപിമാരെയും അണിനിരത്തിയാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നത്. മന്ത്രി പി.സി. വിഷ്ണുനാഥ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും സമരമുഖത്തുണ്ട്. പൊലീസ് നടപടി ആരംഭിച്ചതോടെ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

കേന്ദ്രത്തിന്റെ അനുനയ നീക്കങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും സ്ഥലത്തെത്തി പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തി. എന്നാൽ, കേന്ദ്രത്തിന്റെ ആവശ്യങ്ങൾക്ക് വഴങ്ങാൻ രാഹുൽ ഗാന്ധിയോ മറ്റ് നേതാക്കളോ തയാറായില്ല. ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് റാപിഡ് ആക്‌ഷൻ ഫോഴ്സ് (RAF) അടക്കമുള്ള വൻ പൊലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിനിടയിലും കൂടുതൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അസാധാരണമായ ഒരു ക്രമസമാധാന സാഹചര്യമാണ് നിലവിൽ ഡൽഹിയിലുള്ളത്. പ്രതിഷേധക്കാർ സ്വയം പിരിഞ്ഞുപോകാത്ത പക്ഷം പൊലീസ് വീണ്ടും ബലം പ്രയോഗിച്ച് ഇവരെ നീക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Leave A Comment