പ്രവാസികൾക്ക് ആശ്വാസം.ബഹ്റൈൻ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് ഖത്തർ എയർവെയ്സ് .പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് താല്‍ക്കാലികമായി നിർത്തിവെച്ചിരുന്ന പ്രധാന വിമാന സർവീസുകള്‍ ആണ് പുനരാരംഭിച്ചത് .ബഹ്റൈൻ, കുവൈറ്റ്, ഇറാഖിലെ ഇർബില്‍ എന്നീ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് ഇന്ന് മുതല്‍ വീണ്ടും പ്രവർത്തനം ആരംഭിച്ചത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ അനുകൂലമായതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് ഖത്തർ എയർവേയ്സ് അധികൃതർ വ്യക്തമാക്കിയതായി ഔദ്യോഗിക വാർത്താക്കുറിപ്പില്‍ പറയുന്നു.കഴിഞ്ഞ മാസം 23 മുതല്‍ മുൻകരുതലിന്റെ ഭാഗമായി റദ്ദാക്കിയിരുന്ന സർവീസുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിക്കുന്നത്. മേഖലയിലെ നിലവിലെ സാഹചര്യം വിലയിരുത്തിക്കൊണ്ടാണ് സർവീസുകള്‍ പുനരാരംഭിക്കാൻ അനുമതി നല്‍കിയത്. വിമാന സർവീസുകളുടെ സമയക്രമത്തെക്കുറിച്ചും മറ്റ് വിവരങ്ങളെക്കുറിച്ചും ഏറ്റവും പുതിയ വിവരങ്ങള്‍ അറിയുന്നതിനായി യാത്രക്കാർ ഖത്തർ എയർവേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
