മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിസിസിഐ മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ. വിരമിക്കുന്നതിന് ഒരു വർഷം മുമ്പു തന്നെ സച്ചിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റാൻ ബിസിസിഐ ശ്രമിച്ചിരുന്നെന്നാണ് തുറന്നുപറഞ്ഞത്. 2012-ലെ സച്ചിന്റെ മോശം ഫോമിനെത്തുടർന്ന് അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താൻ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ആലോചിച്ചിരുന്നുവെന്ന് പാട്ടീൽ വ്യക്തമാക്കി. 24 വർഷത്തോളം നീണ്ട കരിയറിൽ ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ റൺസ് നേടിയ താരമായാണ് സച്ചിൻ കരിയർ അവസാനിപ്പിച്ചത്. 2013 നവംബറിൽ വെസ്റ്റിൻഡീസിനെതിരെയാണ് സച്ചിൻ ഇന്ത്യൻ ജഴ്‌സിയിൽ ഒടുവിൽ കളിച്ചത്.
ഇതിന് മുമ്പാണ് സച്ചിനെ ടീമിൽനിന്നു പുറത്തിരുത്താൻ ബിസിസിഐ ആലോചിച്ചിരുന്നു. പാട്ടീൽ 2012ൽ ബിസിസിഐ സിലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായപ്പോഴാണത്. ”എന്താണു നിങ്ങളുടെ പ്ലാൻ? കമ്മിറ്റി നിങ്ങൾക്കു പകരക്കാരനെ തേടുകയാണ് എന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. സച്ചിൻ ഞെട്ടിപ്പോയി. ഞാൻ കാര്യമായിട്ടാണോ പറയുന്നതെന്നു ചോദിച്ചു. ഞാൻ അതെയെന്ന മറുപടി നൽകി.”-പാട്ടീൽ വ്യക്തമാക്കി. ”സിലക്ടർമാർക്ക് ഒരു താരത്തെ പുറത്താക്കാം. പക്ഷേ ഒരു താരത്തോട് കരിയർ അവസാനിപ്പിക്കണമെന്ന് പറയാൻ സാധിക്കില്ല. സച്ചിന് തുടരാനാണു താൽപര്യമെന്നു പറഞ്ഞു. ഞങ്ങൾ അതു ശരിവച്ചു.”- പാട്ടീൽ പ്രതികരിച്ചു.
ഒരുപാടു താരങ്ങളെ ഇന്ത്യൻ ടീമിലേക്കു കൊണ്ടുവന്നിട്ടും, സച്ചിന്റെ വിരമിക്കലിന്റെ പേരിലാണ് തന്റെ പ്രവർത്തന കാലം അറിയപ്പെടുന്നതെന്നും പാട്ടീൽ പറഞ്ഞു. ”ആളുകൾക്ക് എന്തിനാണ് ഇത്ര ദേഷ്യമെന്ന് എനിക്കു മനസ്സിലാകും. അതു സച്ചിനായതുകൊണ്ടാണ് ഇങ്ങനെ. പക്ഷേ ഷമി, ബുമ്ര, അശ്വിൻ, ജഡേജ, രഹാനെ ഇവരെല്ലാം വന്നത് ഈ കാലത്താണ്. അതിനെക്കുറിച്ചൊന്നും പറയാൻ ആരും ഇല്ല. ഞങ്ങൾ സച്ചിനെ പുറത്താക്കിയതു മാത്രമാണ് അവർ ഓർക്കുന്നത്.”- സന്ദീപ് പാട്ടീൽ പറഞ്ഞു.

