കടങ്ങോട്: ”മനക്കട്ടി ഇല്ലാത്തവർ ഇവിടേക്ക് വരരുത്.”തെരുവുനായയുടെ കടിയേറ്റ് മരിച്ച കാർത്ത്യായനിയുടെ മൃതദേഹം കാണാൻ നാട്ടുകാരെത്തിയപ്പോൾ ആംബുലൻസ് ഡ്രൈവർ പറഞ്ഞു – മുഖത്ത് മാംസം അവശേഷിപ്പിക്കാത്ത രീതിയിലായിരുന്നു ആക്രമണം. നരച്ച മുടി മുഴുവൻ രക്തത്തിൽ കുതിർന്നിരുന്നു. മാറിടത്തിലും നായ ആക്രമിച്ചിരുന്നു. അത് കാണാനുള്ള മനക്കട്ടി ഇല്ലാത്തതിനാൽ താൻ അവിടേക്ക് പോയില്ലെന്ന് കടങ്ങോട് പഞ്ചായത്തംഗം പി.എൻ. വിഷയ്കുമാർ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിച്ചതും പരിക്കേറ്റ ദേവദാസിനെ ആശുപത്രിയിലാക്കിയതും. ഇതിന് പിന്നാലെ തൃശൂരിൽ വയോധികയെ കടിച്ചു കൊന്ന തെരുവുനായയെ പിടികൂടി തല്ലിക്കൊന്നു. പേവിഷബാധയുണ്ടോ എന്നറിയാൻ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. കടങ്ങോട് പഞ്ചായത്ത് അധികൃതർ നിയോഗിച്ച വന്യജീവി സംരക്ഷകനാണ് നായയെ പിടികൂടിയത്.
വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് കിടപ്പുരോഗിയായ കാർത്ത്യായിനി (84) നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസനെയും നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. രണ്ട് വർഷം മുമ്പ് വീണ് എല്ല് പൊട്ടിയതിനെ തുടർന്നാണ് കാർത്ത്യായനി കിടപ്പിലായത്.സംഭവം നാട്ടിൽ പരന്നതോടെ എല്ലാവരും ഗേറ്റും വാതിലും പൂട്ടി വീടിന് അകത്ത് ഇരിപ്പാണ്. കിടപ്പുരോഗികളായ അമ്മയ്ക്കും ചേട്ടനും ഭക്ഷണവുമായി എത്തിയ മണികണ്ഠൻ കണ്ടത്, ചേട്ടന്റെ കാൽവിരലുകൾ കടിച്ചുതിന്നുന്ന തെരുവുനായയെ. വേദനകൊണ്ട് പിടയുന്ന ചേട്ടൻ ദേവദാസിന് ശബ്ദംപോലും പുറത്തുവരാത്ത അവസ്ഥയിലായിരുന്നു. തൊട്ടടുത്ത മുറിയിലേക്ക് ഓടിയെത്തിയ മണികണ്ഠൻ കണ്ടത് മുഖത്ത് അൽപംപോലും മാംസം അവശേഷിക്കാതെ ചോരയിൽ കുളിച്ചുകിടക്കുന്ന അമ്മയെ. മണികണ്ഠൻ നിലവിളിച്ച് പുറത്തേക്ക് ഓടി. ഇത് കേട്ട് അവിടേക്ക് വന്ന തൊഴിലാളിയായ ഉദയരാജി(37)നെയും നായ കടിച്ചു. ദേവദാസിന്റെ കാലിന്റെ നാല് വിരലുകൾ നഷ്ടമായിട്ടുണ്ട്.
ഇരുവർക്കും ഭക്ഷണവുമായി കാർത്ത്യായിനിയുടെ ഇളയമകൻ മണികണ്ഠൻ എത്തിയപ്പോഴാണ് കാർത്ത്യായനിയുടെ മൃതദേഹം കണ്ടത്. മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വയോധികയുടെ മരണം സംഭവിച്ചിരുന്നു. ചാരിയിരുന്ന വാതിലിനിടയിലൂടെയാണ് നായ കയറിയതെന്ന് കരുതുന്നു.

